തിരുവനന്തപുരം: രാജ്യത്തെ വാഹനാപകടങ്ങളില്‍ 10 ശതമാനത്തിന് കാരണം എന്തെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണ് ഇതിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
സമാനമായ രണ്ട് വാഹനങ്ങളില്‍ കയറ്റി കൊണ്ട് പോകേണ്ട ലോഡ് ഒരു വാഹനത്തില്‍ കയറ്റുന്നത് വഴി ഡ്രൈവര്‍മാരുടെ തൊഴിലവസരങ്ങള്‍ പകുതി ആയി കുറയുന്നുണ്ടെന്ന് എംവിഡി അറിയിച്ചു. കോവിഡ് കാലത്ത് മറ്റു ഡ്രൈവര്‍മാരുടെ തൊഴില്‍ അവസരങ്ങള്‍ കൂടി അപഹരിച്ച് അരക്ഷിതാവസ്ഥ ഉണ്ടാക്കരുതെന്നും എംവിഡി ആവശ്യപ്പെട്ടു.
വാഹനത്തിലെ ഭാരം റോഡില്‍ അനുഭവപ്പെടുന്നത് ടയറുകള്‍ വഴിയാണെന്ന് എംവിഡി പറഞ്ഞു. ഓരോ ഭാരവാഹനത്തിലും കയറ്റാവുന്ന ഭാരത്തെ തീരുമാനിക്കുന്നത് വാഹനത്തിന്റെ ആക്സിലുകളുടെ എണ്ണം, ടയറുകളുടെ തരം, എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണെന്നും സേഫ് ആക്സില്‍ വെയ്റ്റ് ലോക രാജ്യങ്ങള്‍ അംഗീകരിച്ച തരത്തില്‍ തന്നെയാണ് നമ്മുടെ രാജ്യത്തും അംഗീകരിച്ച് നടപ്പാക്കുന്നതെന്നും എംവിഡി അറിയിച്ചു.
അമിതഭാരം റോഡുകളുടെ നാശത്തിന് തന്നെ കാരണമാണെന്ന് ലോകം പഠിച്ച് റിപ്പോര്‍ട്ടുകളായി സമര്‍പ്പിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. വാഹനത്തിന്റെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തി സാമൂഹിക സുരക്ഷക്ക് കൂടി ഭീഷണി ആകുന്നുണ്ടെന്നും എംവിഡി ചൂണ്ടിക്കാട്ടി.
Post Your Comments