വാഷിംഗ്ടണ്‍: അഫ്‌ഗാനിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യ അഫ്‌ഗാനില്‍ ചെയ്തതു പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ പരിതസ്ഥിതിയില്‍ ആ നാടിന് ആവശ്യമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും സ്വാഗതം ചെയ്യുന്നുവെന്നും പെന്റഗണ്‍ സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്മാറുന്ന ഈ അവസരത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന അമേരിക്കയുടെ ഭാഗത്തു നിന്ന് വരുന്നത് വളരെ നിര്‍ണായകമാണ്.
അഫ്‌ഗാനിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാനെക്കാളും അമേരിക്ക വിശ്വസം അര്‍പ്പിക്കുന്നത് ഇന്ത്യയിലാണെന്ന സൂചന കൂടിയുണ്ട് പെന്റഗണ്‍ സെക്രട്ടറിയുടെ വാക്കുകളില്‍. പാകിസ്ഥാനെതിരെ വിമർശനമുന്നയിക്കാനും അദ്ദേഹം മറന്നില്ല. പാകിസ്ഥാന്‍ – അഫ്‌ഗാന്‍ അതിര്‍ത്തിലുള്ള ചില സുരക്ഷിത താവളങ്ങളെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെകുറിച്ച് പാകിസ്ഥാനുമായി ബൈഡന്‍ ഭരണകൂടം ചര്‍ച്ചയിലാണെന്നും കിര്‍ബി പറഞ്ഞു.
പാകിസ്ഥാനിലെ ഇത്തരം സുരക്ഷിത താവളങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ അസ്ഥിരത്വവും സുരക്ഷിതമില്ലായ്മയും മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്നും പാകിസ്ഥാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ക്കു സന്തോഷം മാത്രമേയുള്ളുവെന്നും പെന്റഗണ്‍ അറിയിച്ചു. അഫ്‌ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ പ്രദേശത്തെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മുഖ്യപങ്ക് വഹിക്കാനുള്ള സാദ്ധ്യതകളാണ് പെന്റഗണ്‍ സെക്രട്ടറിയുടെ വാക്കുകളില്‍ കാണുന്നത്.
Post Your Comments