കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് നീക്കം. ഇന്ന് വൈകിട്ട് പുറപ്പെടുന്ന പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കും.
യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
അഫ്ഗാനിലെ മസർ-ഇ-ഷരീഫിലാണ് ഇന്ത്യയ്ക്ക് കോൺസുലേറ്റ് ജനറലുള്ളത്. മസർ-ഇ-ഷരീഫിലും പരിസരപ്രദേശത്തും വസിക്കുന്ന ഇന്ത്യക്കാരോട് ഉടൻ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് കോൺസുലേറ്റ് ജനറൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കാവശ്യമായ വ്യക്തിവിവരങ്ങൾ (പേര്, പാസ്പോർട്ട് നമ്പർ, കാലാവധി അവസാനിക്കുന്ന തീയ്യതി എന്നിവ) സമർപ്പിക്കണമെന്നും കോൺസുലേറ്റ് ജനറൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ വാട്ട്സാപ്പ് വഴി കൈമാറുന്നതിനായി ഫോൺ നമ്പരും പ്രസിദ്ധീകരിച്ചു.
Post Your Comments