മൂവാറ്റുപുഴ: വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കടാതിയിൽ മോഷണം തടയാൻ ശ്രമിച്ച എൽഎൽബി വിദ്യാർഥിനിയെ വനിതാ മോഷ്ടാവ് ആക്രമിച്ചു. നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ മകൾ കൃഷ്ണയെ ആണ് മോഷണ സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയ്ക്കു കഴുത്തിലും കാലിലും പരുക്കേറ്റു. പോലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇവർക്കായി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കടാതിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മോഷണ സംഘത്തിലെ സ്ത്രീ കയറിയത്. ഈ സമയം മകൾ കൃഷണ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കൃഷ്ണ അമ്മയുടെ മുറിയിൽനിന്നുള്ള ശബ്ദം കേട്ട് ഇവിടേക്ക് എത്തിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്സും ഈ സമയം സ്ത്രീ കൈവശപ്പെടുത്തിയിരുന്നു.
ആഭരണവും പഴ്സും തിരിച്ചു വാങ്ങാൻ കൃഷ്ണ ശ്രമിച്ചെങ്കിലും ഇവർ വിട്ടുകൊടുക്കാൻ തയാറായില്ല. തുടർന്ന് വീടിനകത്തു കിടന്ന വടി എടുത്ത് ഇവരെ ആക്രമിച്ചപ്പോൾ ഇവർ കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടിത്തമിടുകയായിരുന്നു. ഇതോടെ അൽപ നേരത്തേക്ക് കൃഷ്ണയ്ക്ക് നടക്കാൻ കഴിയാതെയായി. സ്ത്രീയുടെ കയ്യിൽ നിന്നും കൃഷ്ണ ഇതിനിടെ ആഭരണപ്പെട്ടി പിടിച്ചുവാങ്ങിയിരുന്നു.
അൽപ നേരത്തിന് ശേഷം കൃഷ്ണയ്ക്ക് എഴുന്നേൽക്കാൽ കഴിഞ്ഞ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. എന്നാൽ പോലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് ലഭ്യമായ വിവരം.
Post Your Comments