സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം. ശരീര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തൈറോയ്ഡ് ഗ്രന്ഥി വേണ്ടത്ര തൈറോയ്ഡ് ഹോര്‍മോണുകള്‍ നിര്‍മ്മിക്കാത്ത അവസ്ഥയെയാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന് താഴെയായി മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും ശരീരത്തിന് പ്രശ്നമാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയില്‍ മുതിര്‍ന്നവരുടെ 10.95 ശതമാനത്തിനെയും ബാധിക്കുന്ന ഹൈപോതൈറോയ്ഡിസം പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നതാണ് സത്യം.
ക്ഷീണം, ശരീരഭാരം കൂടുക, വരണ്ട ചര്‍മം, മലബന്ധം, പേശീവേദന, കണ്ണിന് താഴെ തടിപ്പും കറുപ്പും തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട് ശരീരത്തില്‍ പ്രത്യക്ഷപ്പെടാം. കൃത്യ സമയത്ത് രോഗനിര്‍ണയം നടക്കാതെ പോയാല്‍ കൊളസ്ട്രോള്‍ തോതുയരാനും മാസമുറ തെറ്റാനും വിഷാദരോഗത്തിനു വരെയും ഹൈപ്പോതൈറോയ്ഡിസം കാരണമാകാം.
ഹൃദ്രോഗസംബന്ധവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം. വ്യക്തിയുടെ ജീവിത നിലവാരത്തെ മൊത്തത്തില്‍ ബാധിക്കാനും ഹൈപ്പോതൈറോയ്ഡിസം കാരണമാകാം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഹൈപ്പോതൈറോയ്ഡിസം വരാനുള്ള സാധ്യത മൂന്ന് മടങ്ങ് അധികമാണ്. ഇതവരില്‍ വന്ധ്യതയ്ക്കും പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിനും കാരണമാകാം.
ഗര്‍ഭിണികളില്‍ ഗര്‍ഭമലസല്‍, രക്തസ്രാവം, വിളര്‍ച്ച തുടങ്ങിയവയ്ക്കെല്ലാം ഹൈപ്പോതൈറോയ്ഡിസം കാരണമാകാം. ഇതിനാലാണ് ഗര്‍ഭകാലത്ത് തൈറോയ്ഡ് പരിശോധന നിര്‍ബന്ധമായും നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയടക്കമുള്ള രോഗാവസ്ഥകളിലേക്ക് നയിക്കുമെന്നതിനാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
Post Your Comments