പാലക്കാട് : അംഗീകൃത ലബോറട്ടറിയില്‍ പരിശോധന നടത്തിയതിന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് സഹിതം സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ ടെന്‍ഡര്‍ വ്യവസ്ഥ. എന്നാൽ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സപ്ലൈകോ ഓണക്കിറ്റ് തയാറാക്കുന്നതെന്നാണ് സപ്ലൈകോ വിജിലന്‍സ് അധികൃതരുടെ കണ്ടെത്തല്‍.
ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാക്ക് ചെയ്ത സാധനങ്ങള്‍ ഡിപ്പോയിേലക്ക് നല്‍കുന്നതെന്ന് കണ്ടെത്തി . പാക്കറ്റിലെ ലേബലും നിയമാനുസൃതമല്ലെന്ന് കണ്ടെത്തി. ഏലക്കായ, കശുവണ്ടി പരിപ്പ് എന്നിവയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോ വിജിലന്‍സും ക്വാളിറ്റി കണ്ട്രോളറും ഒന്നിച്ച് ഡിപ്പോകളിലും പാക്കിങ് കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പല സാധനങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്.
ഗുണമേന്മ കുറഞ്ഞ ഉല്പന്നങ്ങള് കിറ്റില്‍ ഉള്‍പ്പെടുത്തി കമ്മീഷൻ തട്ടാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. വിതരണ സമയത്ത് സാധനങ്ങള്‍ക്ക് ക്ഷാമം സൃഷ്ടിച്ച് അവയുടെ മറവില്‍ ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ വിതരണം നടത്തി കമീഷന് വാങ്ങുന്നതാണ് ഇത്തരക്കാരുടെ സ്ഥിരം പരിപാടി.
Post Your Comments