ന്യൂഡൽഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികൾക്ക് ഇനി ലഡാക്കിലെ പ്രത്യേക സംരക്ഷിത മേഖലകൾ സന്ദർശിക്കാം. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാഥൂറാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നർലൈൻ പെർമിറ്റ് നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള ഉത്തരവാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയിൽ ഉള്ളവർക്ക് മറ്റു സംരക്ഷിത മേഖലകൾ സന്ദർശിക്കാൻ ഇനിമുതൽ പ്രത്യേക അനുമതിയും വേണ്ട.
ലഡാക്കിലെ സംരക്ഷിത മേഖലകളിൽ നിന്നുള്ളവർക്ക് പ്രത്യേക തിരിച്ചറിയൽ രേഖകൾ നൽകും. മറ്റു ജില്ലകൾ അല്ലെങ്കിൽ നഗരങ്ങളിലെ സംരക്ഷിത മേഖലകളേതൊക്കെയെന്ന് അതാത് സൂപ്രണ്ടുമാരോ അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ടുമാരോ വ്യക്തമാക്കും. രേഖകൾ കൈവശമുള്ളവർക്ക് പ്രത്യേക അനുമതിയില്ലാതെ ഈ മേഖലകൾ സന്ദർശിക്കാൻ കഴിയുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ലഡാക്ക് പോലീസിൽ പ്രത്യേക ടൂറിസ്റ്റ് വിങ് എന്ന വിഭാഗം ലഫ്റ്റനന്റ് ഗവർണർ അവതരിപ്പിച്ചു.
ലഡാക്ക് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാൽ അത് പരിഹരിക്കുക, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം ഉറപ്പുവരുത്തുക എന്നിവയാണ് വിഭാഗത്തിന്റെ ചുമതല. ലഡാക്കിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏതെങ്കിലും വിധത്തിലുള്ള രക്ഷാദൗത്യവും മറ്റ് അടിയന്തര ചികിത്സാ സാഹചര്യങ്ങളും ഉണ്ടായാൽ പോലീസ് സഹായത്തിനെത്തുമെന്ന് ഗവർണർ അറിയിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ വിവിധ വിനോദസഞ്ചാര ഏജൻസികൾ, ഭരണകൂടം, ആരോഗ്യ വകുപ്പ്, മറ്റ് മേഖലകൾ എന്നിവയുമായി തടസ്സങ്ങളില്ലാതെയുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് പുതിയ വിഭാഗത്തിന് പരിശീലനം നൽകിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ കൂട്ടിച്ചേർത്തു.
Read Also: സുരേഷ് ഗോപിയെ വിമർശിച്ച് ജോമോള്‍ ജോസഫ്: പൊങ്കാലയുമായി സോഷ്യൽ മീഡിയ
Post Your Comments