ന്യൂഡൽഹി: ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മെഹ്ബൂബ മുഫ്തിയുടെ മാതാവ് ഗുൽഷാൻ നാസിറിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 ന് ശ്രീനഗറിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
കശ്മീർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെഹബൂബ മുഫ്തിയ്ക്ക് അനുവദിച്ച ഫണ്ടിൽ നിന്നുള്ള പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. ലക്ഷക്കണക്കിന് രൂപയാണ് ഗുൽഷാൻ നാസിറിന്റെ അക്കൗണ്ടിലേക്കും മാറ്റിയത്. ഇതിൽ വിശദമായ അന്വേഷണം നടത്താനാണ് ഗുൽഷാൻ നാസറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ എൻഫോഴ്‌സ്‌മെന്റ് ഗുൽഷാന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അതേസമയം കശ്മീരിലെ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതിനുള്ള ക്രിമിനൽ വിരട്ടലാണ് എൻഫോഴ്‌സ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.
Post Your Comments