ന്യൂഡല്‍ഹി: ദ്വാരകയില്‍ ഹജ് ഹൗസ് നിര്‍മ്മിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. സെക്ടര്‍ 22ലാണ് ഹജ് ഹൗസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ ഓള്‍ ദ്വാരക റസിഡന്‍സ് ഫെഡറേഷന്റെ (എ.ഡി.ആര്‍.എഫ്) നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.
ഹജ് ഹൗസ് നിര്‍മ്മിക്കാനുള്ള ഭൂമി അനുവദിച്ചതോടെയാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്. ഭൂമി അനുവദിച്ചുകൊണ്ടുള്ള ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഡി.ഡി.എ) തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ആര്‍.എഫ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തയച്ചു. മേഖലയില്‍ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും സാഹോദര്യവും തകരാന്‍ ഇത് കാരണമാകുമെന്നും ക്രമസമാധാന നിലയെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹജ് ഹൗസിന്റെ നിര്‍മ്മാണത്തോടെ ദ്വാരകയില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകുമെന്ന് എ.ഡി.ആര്‍.എഫ് പ്രസിഡന്റ് ഇ.ആര്‍ അജിത് സ്വാമി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഫണ്ട് ഹജ് ഹൗസ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിന് പകരം ആശുപത്രിയോ പരിശീലന ക്ലാസുകളോ തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് ആം ആദ്മി സര്‍ക്കാര്‍ ഹജ് ഹൗസിന്റെ മാതൃക തയ്യാറാക്കിയിരുന്നു. 94 കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഡല്‍ഹിയിലെ റൗസ് അവന്യുവിലുള്ള ഹജ് മന്‍സിലിലാണ് ഹജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments