ഗുവാഹാത്തി: കോവിഡ് രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അടക്കമുള്ളവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നുവെന്ന് മിസോറാം. അവശ്യ വസ്തുക്കളുമായി എത്തുന്ന ട്രക്കുകൾക്ക് അസമിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നാണ് മിസോറാം പറയുന്നത്.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിന് ശേഷം മിസോറാമിലേക്കുള്ള യാത്രാ നിരോധന നിർദേശം അസം പിൻവലിച്ചെങ്കിലും അവശ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകൾക്ക് അസമിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ആർ. ലാൽതാംഗ്ലിയാന വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സയിൽ ഉപയോഗിക്കുന്നത് ഉൾപ്പെടെ നിരവധി മരുന്നുകളുടെ വിതരണത്തെ ഇത് മോശമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കിറ്റുകളും മറ്റ് അവശ്യ വസ്തുക്കളും അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണ്. പിഎം-കെയേഴ്സ് ഫണ്ട് പ്രകാരം അനുവദിച്ച ഓക്സിജൻ പ്ലാന്റുകൾക്കുള്ള വസ്തുക്കളും എത്തിക്കാൻ സാധിച്ചിട്ടില്ല. അസമും മിസോറാമും തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വാഹന ഗതാഗതം ഉടൻ പഴയ സ്ഥിതിയിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments