തിരുവനന്തപുരം : ക്രീം ബിസ്‌ക്കറ്റിന് പിന്നാലെ സർക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി പരിപ്പും പുറത്ത്. പകരം കായം, പുളി, ആട്ട, പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും പകരം ഉള്‍പ്പെടുത്താമെന്ന് സപ്ലൈകോ സിഎംഡി നിര്‍ദേശിച്ചു. റീജിയണല്‍ മാനേജര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം.
കശുവണ്ടി പരിപ്പ് ലഭിക്കാനില്ലെന്ന് സപ്ലൈകോ മേഖലാ മാനേജര്‍മാര്‍ അറിയിച്ചതോടെയാണ് പുതിയ തീരുമാനം. ഓണ കിറ്റില്‍ 50 ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിന്‍റെ ലഭ്യത കുറവ് കാരണം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്താനാണ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ വരെ സംസ്ഥാനത്തെ 4.27 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കിയത്. ഈ മാസം 17ന് മുമ്പായി കിറ്റ് വിതരണം പൂര്‍ത്തിയാക്കും. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുക
ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കായം/കായപ്പൊടി , ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റില്‍ ഉണ്ടാവുക.
Post Your Comments