തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര വിജയത്തില്‍ ടീമിനാകെ ആശംസകൾ. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പോരാട്ട വീര്യം അഭിനന്ദനാർഹമെന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. വെങ്കല നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാലു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഒളിമ്പിക് ഹോക്കിയിൽ മെഡലണിയുന്നത്. ടോക്യോ ഒളിമ്പിക്സിൽ ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
അതേസമയം, ശ്രീജേഷിന് 5 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് 5 ലക്ഷം രൂപയും നല്‍കുമെന്ന് കേരള ഹോക്കി ഫെഡഷറേഷന്‍ അറിയിച്ചിട്ടുണ്ട്. വെങ്കലത്തിനായുള്ള മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തുമ്പോൾ ശ്രീജേഷിന്റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയേണ്ടി വരും.
Post Your Comments