തിരുവനന്തപുരം: ഇ പോസ് മെഷീനില്‍ രേഖപ്പെടുത്താതെ നടന്‍ മണിയന്‍പിള്ള രാജുവിന് ഭക്ഷ്യമന്ത്രി ഓണക്കിറ്റ് വീട്ടിലെത്തി നല്‍കിയ സംഭവത്തിൽ സത്യാവസ്ഥ വ്യക്തമാക്കി റേഷന്‍ വ്യാപാരി. ഓണക്കിറ്റ് നൽകിയത് റേഷന്‍കടയിലെ ഇ പോസ് മെഷിനില്‍ രേഖപ്പെടുത്തിയ ശേഷമെന്ന് റേഷന്‍ വ്യാപാരി വ്യക്തമാക്കി. കിറ്റ് സ്വീകരിക്കും മുന്‍പ് മണിയന്‍പിള്ള രാജുവിന്റെ ഭാര്യ റേഷന്‍കടയിലെത്തി ഇ പോസില്‍ വിരലടയാളം രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ കടയിലെ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്താതെയാണ് ഭക്ഷ്യമന്ത്രി നേരിട്ടെത്തി മണിയന്‍ പിള്ള രാജുവിന് ഓണക്കിറ്റ് നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കിറ്റ് സ്വീകരിക്കും മുന്‍പ് മണിയന്‍പിള്ള രാജുവിന്റെ ഭാര്യ റേഷന്‍കടയിലെത്തി ഇ പോസില്‍ രേഖപ്പെടുത്തിയെന്ന് റേഷന്‍ വ്യാപാരി വ്യക്തമാക്കി. മഞ്ഞകാര്‍ഡുകാര്‍ക്കാണ് ഇപ്പോള്‍ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.
വെള്ളക്കാര്‍ഡ് കൈവശമുള്ള മണിയന്‍ പിള്ള രാജുവിന് എങ്ങനെ ഇപ്പോള്‍ കിറ്റ് നല്‍കിയെന്നാണ് ആരോപണത്തിലുയര്‍ന്ന മറ്റൊരു ചോദ്യം. അതേസമയം അനര്‍ഹമായ രീതിയില്‍ കിറ്റ് വിതരണം നടത്തിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍കുമാര്‍ പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്ക് മറുപടിയില്ലെന്നും സര്‍ക്കാരിന്റെ നല്ല ഉദ്യമത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നുമായിരുന്നു മണിയന്‍ പിള്ള രാജു പ്രതികരിച്ചത്.
Post Your Comments