ടോക്യോ: ഒളിമ്പിക്സിൽ സ്വർണ മെഡൽ തന്നെ നേടണമെന്ന ഗതികേടിലാണ് ചൈനീസ് കായികതാരങ്ങൾ. ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടാനായില്ലെങ്കിൽ രാജ്യദ്രോഹിയായി കണക്കാക്കണമെന്ന് ചൈനീസ് ദേശീയവാദികൾ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സ്വർണ്ണമല്ലാതെ മറ്റ് ഏത് മെഡൽ നേടിയാലും അവർ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ചൈനയുടെ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ടീമിന്‍റെയടക്കം അവസ്ഥ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്. ഫൈനലിൽ പരാജയപ്പെട്ട സു സിൻ, ലു ഷ്വിൻ സംഖ്യത്തിന് വെള്ളി മെഡലാണ് നേടാനായത്. അതിനാൽ ‘വെള്ളി മെഡൽ നേടിയതിന് രാജ്യത്തോട് കണ്ണീരോടെ ക്ഷമാപണം നടത്തുന്നു’ എന്നായിരുന്നു മത്സരശേഷം ലു ഷ്വിൻ പറഞ്ഞത്. ‘രാജ്യം ഞങ്ങളുടെ പോരാട്ടം ഉറ്റുനോക്കുകയായിരുന്നുവെന്ന് അറിയാമായിരുന്നു എന്നാൽ ചൈനയ്ക്ക് അംഗീകരിക്കാനാകാത്ത ഫലമാണ് ഉണ്ടായത്’ തോൽവിക്ക് ശേഷം സഹതാരം സു സിൻ പറഞ്ഞു.
അതേസമയം, രാജ്യത്തെ പരാജയപ്പെടുത്തിയവർ എന്നായിരുന്നു മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പലരും ഇവർക്കെതിരെ പ്രതിഷേധം പങ്കുവച്ചത്. ഒളിംപിക്സ് പോലുള്ള മത്സരത്തിൽ പരാജയപ്പെടുന്ന ഒരാൾ രാജ്യത്തെ വഞ്ചിക്കുന്നു എന്നാണ് തീവ്ര ദേശീയവാദികളുടെ ചിന്ത. ചൈനയിലെ തീവ്ര ദേശീയ വാദികളെ സംബന്ധിച്ചിടത്തോളം, ഒളിംപിക്സ് സ്വർണ മെഡൽ നഷ്ടപ്പെടുത്തുന്നത് ‘ദേശസ്നേഹമില്ലാത്തതിന്’ തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments