കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളിന് പുറത്തേയ്ക്ക് വളര്‍ത്താനുള്ള ശ്രമങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ അടുത്ത ലക്ഷ്യം ത്രിപുരയാണെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
ബംഗാളില്‍ മമതയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച അഗര്‍ത്തലയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ത്രിപുരയില്‍ എത്തി. ത്രിപുര രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റെ കടന്ന് വരവിനെ ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടി.പി.സി.സി) അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. 2018ല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന് തൃണമൂലിന്റെ വരവ് ആശ്വാസമാകുകയാണ്.
സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്കെതിരെ സഖ്യമുണ്ടാക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മമത കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. നാല് ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ പ്രധാന പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് മമത ബംഗാളിലേയ്ക്ക് മടങ്ങിയത്. വരും വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമാണ് തൃണമൂല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്.
Post Your Comments