കണ്ണൂർ: ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ മേയർ ടി ഒ മോഹനൻ. പി.എസ്.സിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയുള്ള ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എൽഎൽബി കഴിഞ്ഞ ഉടൻ ജഡ്ജിമാർ ആടിനെയോ പശുവിനെയോ വാങ്ങി വളർത്താതിരുന്നതെന്തുകൊണ്ടാണെന്ന് മേയർ ചോദിച്ചു. ജഡ്ജി ആയിരിക്കുമ്പോൾ എന്തും വിളിച്ചു പറയാമെന്ന് ചില ന്യായാധിപൻമാർ കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ധർണ്ണയിലാണ് മേയർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലെ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ആടിനെ മേയ്ച്ചാൽ സ്റ്റാറ്റസ് പോകുമോയെന്ന് കോടതി ചോദിച്ചത്.
സർക്കാർ ജോലിയില്ലെങ്കിൽ ലോകാവസാനമൊന്നുമുണ്ടാവില്ലെന്നും കോടതി പറഞ്ഞു. യുവാക്കളുടെ മനോഭാവം മാറണം. സർക്കാർ ജോലിയെ ഇങ്ങനെയങ്ങ് ആശ്രയിക്കാൻ കഴിയില്ല. യൂറോപ്യൻ മാതൃകയിലുള്ള സംരംഭങ്ങൾ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോഴൊക്കെ പ്രതിഷേധങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ പുറത്തു നിൽക്കുമ്പോൾ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇങ്ങനെ നീട്ടേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.
Post Your Comments