കൊച്ചി: വിദേശത്തെ ആശുപത്രികളില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തകരായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നഴ്സുമാരില്‍നിന്ന് പണം തട്ടിയ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ അറസ്റ്റില്‍. കൊച്ചിയിലെ ബ്രില്ല്യന്റോ എച്ച്.ആര്‍. മാനേജ്മെന്റ് സ്ഥാപന ഉടമയും തിരുവനന്തപുരം പറക്കോട് സ്വദേശിയുമായ താജുദ്ദീന്‍ (49) ആണ് പിടിയിലായത്. എറണാകുളം വാരിയം റോഡിലെ അമ്പാടി അപ്പാര്‍ട്ട്മെന്റിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 35-ഓളം പാസ്‌പോര്‍ട്ടുകളും രേഖകളും പിടിച്ചെടുത്തു.
ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ എ.സി.പി.യുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ രേഖകളടക്കം പിടിച്ചെടുക്കുകയും സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് കണ്ടെത്തുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളിലെ ആശുപത്രികളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഒ.എല്‍.എക്‌സ്. വഴി പരസ്യം നല്‍കിയാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയത്.
ഇംഗ്ലണ്ടിലെ ജോലിക്കായി 75,000 രൂപയും നെതര്‍ലന്‍ഡ്സിലെ ജോലിക്കായി മൂന്നു ലക്ഷം രൂപയുമാണ് ഫീസായി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 20,000 രൂപയും പാസ്‌പോര്‍ട്ടും രേഖകളും ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് കൈക്കലാക്കി. എന്നാല്‍, യാത്രാവിവരങ്ങളൊന്നും ഇയാള്‍ നല്‍കിയില്ല. കാത്തിരിപ്പ് നീണ്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ നീക്കങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും എറണാകുളം സെന്‍ട്രല്‍ എ.സി.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയായിരുന്നു.
വൈകാതെ പ്രതിയെ അറസ്റ്റും ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് മൊഴി രേഖപ്പെടുത്തി. താജുദ്ദീന്റെ ഇപ്പോഴത്തെ വീട് ചെന്നൈയിലാണ്. പാന്‍കാര്‍ഡില്‍ വിജയകുമാര്‍ എന്നാണ് പേര്. ആധാറില്‍ ദിലീപെന്നും താമസം ഡല്‍ഹിയിലെന്നുമാണ്. കൊച്ചിയിലെ വീട് വാടകയ്ക്ക് എടുത്തിട്ടുള്ളത് കൊല്ലം സ്വദേശിയുടെ പേരിലാണ്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഇയാളുടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എ.സി.പി. ലാല്‍ജി പറഞ്ഞു.
Post Your Comments