ന്യൂഡല്‍ഹി : ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് നേരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ. പൊലീസ് പ്രതികള്‍ക്ക് കൂട്ട് നിന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഞായറാഴ്ച വൈകിട്ടാണ് ദലിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപത്തെ ശ്മശാനത്തിലെ കൂളറില്‍നിന്നു തണുത്ത വെള്ളമെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വൈകിട്ട് ആറു മണിയോടെ ശ്മശാനത്തിലെ പൂജാരിയും മറ്റു മൂന്നു പേരും വീട്ടിലെത്തി വെള്ളമെടുക്കുന്നതിനിടെ ഷോക്കേറ്റു കുട്ടി മരിച്ചുവെന്ന് അറിയിച്ചു.
തുടർന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ വിവരമറിയിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതുവേണ്ടെന്നും പോസ്റ്റ് മോർട്ടം സമയത്തു ഡോക്ടര്‍മാര്‍ അവയവങ്ങള്‍ മുറിച്ചുമാറ്റുമെന്നും അതിനാല്‍ ഇപ്പോള്‍ തന്നെ സംസ്കാരം നടത്താമെന്നും ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം പോസ്റ്റ്മാര്‍ട്ടം നടത്താതെ ദഹിപ്പിക്കുന്നതിനിടയില്‍ ചിതകെടുത്താന് ശ്രമിച്ച ബന്ധുക്കളെയും പ്രദേശവാസികളെയും പൊലീസ് തടഞ്ഞു. പൊലീസിന് മുന്നിലിട്ട് പെണ്‍കുട്ടിയുടെ പിതാവിനെ പ്രതികളുടെ ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചിട്ടും പോലീസ് തടഞ്ഞില്ലെന്നും മാതാവ് വെളിപ്പെടുത്തി. കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയതോടെ പൂജാരി അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments