മുക്കം: കോവിഡിനെ തുടർന്നുള്ള ലോക്ക്‌ഡൗണില്‍ ജോലിയും കൂലിയും ഇല്ലാതായത് നിരവധി ആളുകൾക്കാണ്. അത്തരത്തിൽ വരുമാനം നിലച്ച് പോയ ഒരു വിഭാഗമായിരുന്നു അന്യ സംസ്ഥാന തൊഴിലാളികൾ. കഷ്ടതയനുഭവിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ലഭിച്ച അരി ഉപയോഗശൂന്യമായതോടെ നശിപ്പിച്ച് പഞ്ചായത്ത് അധികൃതർ. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കെട്ടിക്കിടന്ന 18 ചാക്ക് അരിയാണ് മണ്ണിട്ട് കുഴിച്ചുമൂടിയത്.
കറുത്തപറമ്ബ് സാംസ്‌കാരിക നിലയത്തിലായിരുന്നു അരി സൂക്ഷിച്ചിരുന്നത്. മാസങ്ങളായിട്ടും കൃത്യമായി വിതരണം ചെയ്യാത്തതിനെ തുടർന്ന് അരി പുഴു അരിച്ചിരുന്നു. ഇതോടെ, 18 ചാക്ക് അരിയും നശിപ്പിക്കുക എന്നതല്ലാതെ മറ്റൊരു വഴി പഞ്ചായത്ത് അധികൃതർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്‌ഡൗണില്‍ വലയുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പഞ്ചായത്തിന് ആകെ നല്‍കിയത് 175 ചാക്ക് അരിയായിരുന്നു. ഇതിൽ ബാക്കി വന്നവയാണ് ഇപ്പോൾ കുഴിച്ചുമൂടിയത്. പഞ്ചായത്ത് അംഗം ഷാഹിനയുടെ നേതൃത്വത്തില്‍ ആണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കഴിഞ്ഞ ദിവസം കുഴിച്ചുമൂടിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Also Read:3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു: മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി
കൃത്യസമയത്ത് അരി എത്തിയെങ്കിലും അരി വിതരണം ആരംഭിച്ചപ്പോഴേക്കും തൊഴിലാളികളിൽ ഭൂരിഭാഗം ആളുകളും നാട്ടിലെത്തിയിരുന്നു. അതിനാല്‍ അന്ന് പഞ്ചായത്തിന്റെ ചുറ്റുവട്ടത്തുള്ളവർക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് 75 ചാക്ക് അരി മാത്രമാണ്. ബാക്കിയുള്ളവ പിന്നീട് വിതരണം ചെയ്യാമെന്ന് കരുതി മാറ്റി വെച്ചു. ഇതിൽ 82 ചാക്ക് അരി നാലുമാസം മുമ്ബ് ചേവായൂര്‍ ത്വക്ക് രോഗാശുപത്രി, ഉദയം ഹോം മാങ്കാവ് എന്നിവയ്ക്ക് നല്‍കി. എന്നിട്ടും ബാക്കിയായ 18 ചാക്ക് അരിയാണ് ഉപയോഗശൂന്യമായി കുഴിച്ച് മൂടേണ്ടി വന്നത്.
അരി ആര്‍ക്കും ഉപകരിക്കാതെ കുഴിച്ചുമൂടാനിടയായതില്‍ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ജനങ്ങളോട് മറുപടി പറയണമെന്ന് മുന്‍ അംഗം സവാദ് ഇബ്രാഹിം ആവശ്യപ്പെട്ടു. എട്ടു മാസം ഒന്നും ചെയ്യാതിരുന്നതിനാലാണ് അരി നശിച്ചതെന്നും പഞ്ചായത്ത് ആണ് ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ലഭിച്ച അരി നാശമാകാതെ സൂക്ഷിക്കുകയോ കൃത്യസമയത്ത് വിതരണം ചെയ്യുകയോ ചെയ്യാതിരുന്നതിന്റെ ഉത്തരവാദിത്വം മുൻ ഭരണസമിതിക്ക് ആണെന്നാണ് യു.ഡി.എഫിന്റെ വാദം.
Post Your Comments