തിരുവനന്തപുരം: സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് മന്ത്രി നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ട് എത്തിച്ചു നൽകിയത് വിവാദമാകുന്നു. റേഷൻ കടകൾ വഴി കാർഡ് ഉടമയുടെ വിരൽ ഇപോസ് മെഷിനിൽ പതിപ്പിച്ച് വിവരങ്ങൾ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടപടികൾക്ക് വിരുദ്ധമായി നടന്റെ വീട്ടിലെത്തിച്ച് നൽകിയത്. മണിയൻപിള്ള രാജുവിന്റെ ജവാഹർ നഗർ ഭഗവതി ലെയ്നിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി ജിആർ അനിൽ ഉദ്യോഗസ്ഥരോടൊപ്പം നേരിട്ടെത്തി സൗജന്യ ഓണക്കിറ്റ് നൽകിയത്.
ജൂലൈ 31നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകൾക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. എന്നാൽ മുൻഗണന ഇതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത റേഷൻ കാർഡിലെ അംഗമാണ് മണിയൻപിള്ള രാജു.
റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ മുൻഗണന ഇതര വിഭാഗത്തിൽ പെട്ട കാർഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളിൽ റേഷൻ കടയിൽ എത്തിയാൽ കിറ്റ് ലഭിക്കില്ല. ഇക്കാര്യം അധികൃതരും റേഷൻ വ്യാപാരികളും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 13 മുതലാണ് മുൻഗണന ഇതര വിഭാഗത്തിൽ പെട്ട കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നൽകിയിട്ടുള്ളത്. മണിയൻപിള്ള രാജുവിന് മന്ത്രി സൗജന്യ ഓണക്കിറ്റ് നൽകുന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതേ തുടർന്നാണ് സംഭവം വിവാദമായത്.
Post Your Comments