ഡൽഹി: പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിയിരിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയെന്ന രീതിയിൽ ഇയാളെ പാക്ക് സർക്കാർ സംരക്ഷിക്കുന്നതയാണ് ലഭ്യമായ വിവരം.
നിരോധിത തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനായ ഇയാൾ ബഹാവൽപുരിലെ ജനങ്ങൾ ജനവാസ കേന്ദ്രത്തിലാണ് താമസിക്കുന്നതെന്ന് ഒരു ഹിന്ദി ചാനൽ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ സർക്കാർ ഭീകരരെ സംരക്ഷിക്കുന്നതിന് തെളിവുകൾ ഉണ്ടെന്നും ബഹാവൽപുരിലെ ഒസ്മാൻ-ഒ-അലി മസ്ജിദിനും നാഷനൽ ഓർത്തോപീഡിക് ആൻഡ് ജനറൽ ഹോസ്പിറ്റലിനും ഇടയിലായുള്ള മസൂദിന്റെ വീടുകൾക്ക് പാക്ക് സൈനികർ കാവലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മസൂദിന്റെ രണ്ടാമത്തെ വീട് 4 കിലോമീറ്റർ അകലെ ജാമിയ മസ്ജിദിനു തൊട്ടടുത്താണ്. ഈ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ലഹോർ ഹൈക്കോടതിയുടെ ബഹാവൽപുർ ബെഞ്ച് സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും 3 കിലോമീറ്റർ അകലെയാണ് ജില്ലാ കലക്ടറുടെ ഓഫിസ്. യാതൊരു വിധത്തിലുമുള്ള ആക്രമണം ഉണ്ടാകാതിരിക്കാനാണ് മുസ്ലിം പള്ളിക്കും ആശുപത്രിക്കുമിടയിൽ താമസസ്ഥലം ഒരുക്കിയിരിക്കുന്നതെന്നും മസൂദിന്റെ ബംഗ്ലാവിനു മുൻപിൽ പാക്കിസ്ഥാൻ സൈന്യം ഔദ്യോഗിക വേഷത്തിൽ കാവലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ ജയിലിൽനിന്നു വിട്ടയച്ച 3 ഭീകരരിൽ ഒരാളാണ് മസൂദ് അസ്ഹർ. പാക്കിസ്ഥാനിൽ ജയ്‌ഷെ മുഹമ്മദ് എന്ന പേരിൽ പുതിയ ഭീകര സംഘടന ആരംഭിച്ച 2001ലെ പാർലമെന്റ് ആക്രമണം, 2019 ലെ പുൽവാമ ആക്രമണം, പഠാൻകോട്ട് വിമാനത്താവളത്തിലെ ആക്രമണം എന്നീ കേസുകളിൽ പ്രതിയാണ്.
Post Your Comments