ചെന്നൈ: തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവിക സേന. വെടിവെയ്പ്പിൽ ഒരു മത്സ്യത്തൊഴിലാളിയ്ക്ക് പരിക്കേറ്റു. നാഗപട്ടണത്തുനിന്നു കടലിൽപോയ മത്സ്യത്തൊഴിലാളികൾക്കു നേരെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തത്. നാഗപട്ടണം സ്വദേശി കലെയ്സെൽവൻ എന്ന മത്സ്യത്തൊഴിലാളിക്കാണ് പരിക്കേറ്റത്.
തലയ്ക്ക് പരിക്കറ്റ കലെയ്‌സെൽവൻ ബോധരഹിതനായെന്നും ഇദ്ദേഹത്തെ നാഗപ്പട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് 28-ന് പുറപ്പെട്ട ബോട്ടിൽ പത്തുപേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിർത്തിക്കുസമീപം കൊടിയകരായ് തീരത്ത് മീൻ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്. സ്പീഡ് ബോട്ടിലെത്തിയ ലങ്കൻ നാവികസേനയുടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1.15-ന് ശ്രീലങ്കൻ നാവികസേന തങ്ങളുടെ ബോട്ടുവളഞ്ഞതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
മേഖലയിലുള്ള ഒട്ടേറെ ബോട്ടുകൾക്കു നേരെ ശ്രീലങ്കൻ സേന വെടിയുതിർത്തുവെന്നും ആദ്യം അവർ ബോട്ടുകൾക്കുനേരെ കല്ലെറിയുകയും പിന്നീട് വെടി വെക്കുകയുമായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. ബുള്ളറ്റുകളിലൊരെണ്ണം ബോട്ടിൽ തുളച്ചുകയറിയെന്നും കലെയ്സെൽവന്റെ തലയിൽ തറച്ചുവെന്നും ബോട്ടിലുണ്ടായിരുന്ന ദീപൻ രാജ് എന്ന മത്സ്യത്തൊഴിലാളി വിശദീകരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടം നടന്ന ഉടൻതന്നെ തങ്ങൾ ബോട്ടുമായി കരയിലേക്ക് തിരിച്ചുവെന്നും കലെയ്സെൽവനെ നാഗപട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീര രക്ഷാ ഗ്രൂപ്പ് പോലീസ്, ക്യു ബ്രാഞ്ച്, മത്സ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Post Your Comments