KeralaLatest NewsNews

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീര്‍ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും പാതയില്‍ : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീര്‍ വന്‍ വികസനത്തിന്റേയും പുരോഗതിയുടേയും പാതയിലാണെന്ന് ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ വിരോധികള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. 2019 ആഗസ്റ്റ് 5 നാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്. വലിയ എതിര്‍പ്പിനിടയിലും പ്രമേയം പാസാക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also : സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന: നാലു പേർ അറസ്റ്റിൽ

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

‘അനുച്ഛേദം 370 റദ്ദാക്കല്‍ നടപടിയെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ വന്‍ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും പുതിയ പന്ഥാവിലേക്ക് കടക്കുന്നു. മൂന്ന് വര്‍ഷം കൊണ്ട് എല്ലാ മേഖലയിലും പുത്തന്‍ ഉണര്‍വ്വും മാറ്റവും ദൃശ്യമായിട്ടുണ്ട്. കശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുരടിപ്പും നിശ്ചലാവസ്ഥയും മാറി. പ്രതീക്ഷയും പ്രത്യാശയും ജനങ്ങളില്‍ ദൃശ്യമാണ്. റോഡ് , റെയില്‍ , വൈദ്യുതി , ആരോഗ്യം , ടൂറിസം , കൃഷി , ഹോര്‍ട്ടികള്‍ച്ചര്‍ , നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വന്‍ കുതിപ്പ് ഉണ്ടായിട്ടുണ്ട് ‘

‘മുടങ്ങിക്കിടന്ന പല പദ്ധതികളും പുനരാരംഭിച്ചു. 6 വര്‍ഷമായി മുടങ്ങിക്കിടന്ന 5282 കോടി രൂപയുടെ 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതി ധൃതഗതിയില്‍ പുരോഗമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങള്‍ വിജയകരമായി നടത്തുവാന്‍ കഴിയുന്നുവെന്ന നേട്ടവും മൂന്ന് വര്‍ഷം കൊണ്ട് കശ്മീര്‍ കൈവരിച്ചു. എയിംസ് , ഐ ഐ ടി , ഐ ഐ എം തുടങ്ങിയ ലോകോത്തര പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് ജമ്മു കശ്മീര്‍. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍ പാലം പണിയുന്നത് ഇവിടുത്തെ ചെനാബ് നദിയിലാണ്’.

‘കശ്മീര്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി എന്നതാണ് ശ്രദ്ധേയമായ നേട്ടം. പുറം നാട്ടുകാര്‍ക്ക് 90 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാം. 40 കമ്പനികള്‍ 15,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാന്‍ തയ്യാറായിട്ടുണ്ട്. റിന്യൂവബിള്‍ എനര്‍ജി , ഹോസ്പ്പിറ്റാലിറ്റി , പ്രതിരോധം , ടൂറിസം , നൈപുണ്യം , വിദ്യാഭ്യാസം , ഐറ്റി , ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനായി 6000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു’.

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 2019-20 ല്‍ അധ്യാപകര്‍ക്കായി 27000 പുതിയ തസ്തികകളും 2020-21ല്‍ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു. ഗ്രാമതലത്തില്‍ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ 2000 അക്കൗണ്ടന്റുമാരെ നിയമിച്ചു. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഒരു അപൂര്‍വ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 10,000 ഒഴിവുകള്‍ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയര്‍ തസ്തികകളായ ഡോക്ടര്‍മാര്‍, മൃഗഡോക്ടര്‍മാര്‍, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാരുടെ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതായത് അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ വികസന രംഗത്ത് പുത്തനുണര്‍വ്വ് എത്തിയെന്ന് ചുരുക്കം’.

‘റോഡ് വികസനത്തില്‍ വലിയ മുന്നേറ്റം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരിലുണ്ടായി. ജമ്മു ബൈപാസ്, ജമ്മു-ഉധംപൂര്‍ സെക്ഷന്‍, ചനിനി – നാശാരി തുരങ്കം, ലഖന്‍പൂര്‍-ഹിരാനഗര്‍, ഹിരാനഗര്‍-വിജയ്പൂര്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഉദംപൂര്‍-റമ്പാന്‍, റമ്പാന്‍-ബനിഹാല്‍, ബനിഹാല്‍-ശ്രീനഗര്‍, കാസിഗണ്ട്-ബനിഹാല്‍ തുരങ്കപാത പദ്ധതിക്ക് ചുറ്റുമുള്ള റിംഗ് റോഡ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ആകെ ചിലവ് 8000 കോടി രൂപയാണ്. 21,653 കോടി രൂപ മുതല്‍മുടക്കുള്ള ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് 2023 ഓടെ പൂര്‍ത്തീകരിക്കും വിധമാണ് പ്രവര്‍ത്തനം’ .

‘ജമ്മു കശ്മീരിലെ ആരോഗ്യ പരിരക്ഷാ രംഗത്തും ഇക്കാലയളവില്‍ വലിയ മാറ്റങ്ങള്‍ കാണാം. എയിംസ് പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്, 2023ഓടെ ജമ്മുവിലും, 2025 ഓടെ മറ്റൊന്ന് കശ്മീരിലും പൂര്‍ത്തീകരിക്കും. ആരോഗ്യമേഖലയില്‍ കോര്‍പ്പറേറ്റുകളായ അപ്പോളോ, മേദാന്ത, ഹിന്ദുജാസ് തുടങ്ങിയവരും നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് ആരോഗ്യമേഖലയില്‍ നീക്കിവച്ചത് 350 കോടി രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 1268 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച 500 കിടക്കകളുള്ള രണ്ട് കോവിഡ് ആശുപത്രികള്‍ രോഗപ്രതിരോധ രംഗത്ത് സജീവമാണ്. കോവിഡ് -19 മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി ജമ്മു കശ്മീരിലെ വിദൂര പ്രദേശങ്ങളില്‍ 30 പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു വരുന്നു’ .

‘കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. അതില്‍ നാലെണ്ണം ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകള്‍ 500 ല്‍ നിന്ന് 955 ആയും 50 പുതിയ കോളേജുകളിലെ റെഗുലര്‍ ഡിഗ്രി കോളേജുകളില്‍ 25000 സീറ്റുകളായും ഉയര്‍ത്തി. കൂടാതെ കത്വയിലും ഹാന്‍ഡ്വാരയിലും ബയോടെക്നോളജിക്കായി രണ്ട് ഐടി പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്’.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനാനുച്ഛേദമായിരുന്നു . 2019 ആഗസ്റ്റ് 5 ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നു. അനുച്ഛേദം 370 റദ്ദാക്കല്‍ നടപടിയെത്തുടര്‍ന്ന് ജമ്മു കാശ്മീര്‍ വന്‍ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടെ പാതയിലാണെന്ന് തെളിവുകള്‍ നിരത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് ജനങ്ങള്‍ക്കായി പങ്കുവെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button