ചാലക്കുടി: മയക്കുമരുന്ന് ലഹരിയില്‍ രാത്രി ദേശീയപാതയില്‍ ഡാന്‍സ് കളിച്ച യുവാവിനെ പൊലീസ് പിടികൂടി. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണു രാജന്‍(34)നെയാണ് ഡിവൈഎസ്പി സി ആര്‍ സന്തോഷ് അറസ്റ്റ് ചെയ്തത്. പിടിയിലായ വിഷ്ണുരാജ് നിരവധി ടെലിഫിലുമുകള്‍ നിര്‍മ്മിക്കുകയും ക്യാമറമാനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് അതീവ മാരക ശേഷിയുള്ള ലഹരി മരുന്ന് പൊലീസ് പിടിച്ചെടുത്തു. ജില്ലാ അതിര്‍ത്തിയായ പൊങ്ങം, ചിറങ്ങര തുടങ്ങിയ ഭാഗങ്ങളില്‍ ലഹരി വില്‍പ്പന നടന്ന് വരുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡിഐജി രൂപീകരിച്ച ഓപ്പറേഷന്‍ ഓഗസ്റ്റിന്റെ ഭാഗമായി പോലീസ് ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ മയക്കുമരുന്ന് ലഹരിയില്‍ ചിറങ്ങരയില്‍ ഒരാള്‍ ഡാന്‍സ് കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന 2.50ഗ്രാം മെത്തലിന്‍ ഡയോക്സി ആഫിറ്റാമിന്‍ ലഹരിയും ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. എറണാകുളത്തെ വീട്ടില്‍ നിന്നും പുതിയ ടെലിഫിലിമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ലഹരി മൂത്ത് പ്രതി പൊതുനിരത്തില്‍ ഡാന്‍സ് കളിച്ചത്.
Post Your Comments