ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തൊട്ടടുത്തെത്തിയെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിദിന കോവിഡ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന കേരളം ഹോട്ട്‌സ്പോട്ടായി മാറിയേക്കാമെന്നും മുന്നറിയിപ്പിലുണ്ട്. ഈ മാസം തന്നെ രാജ്യം കൂടുതല്‍ വഷളായ നിലയിലേക്ക് പോയേക്കാം. ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തുന്നത്.
കോറോണ വൈറസ് അണുബാധ വീണ്ടും ഉയരുമെന്നും ചെറുതാണെങ്കിലും ഒക്ടോബറോടെ കേസുകള്‍ ഉയര്‍ന്ന് ഒരു പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷക സംഘമാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്. ‘കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയര്‍ന്ന കോവിഡ് നിരക്കുള്ള സംസ്ഥാനങ്ങള്‍ ഗ്രാഫുയര്‍ത്തിയേക്കാം’ എന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.
രണ്ടാം തരംഗം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷം, ഇന്ത്യയിലെ പ്രതിദിന അണുബാധകള്‍ പ്രതിദിനം 40,000 ആയി. കഴിഞ്ഞ അഞ്ച് ദിവസമായി, പുതിയ കേസുകളില്‍ പകുതിയും തെക്കന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്, ഇത് അടുത്ത ഹോട്ട്‌സ്‌പോട്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് ലക്ഷത്തോളം പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കാം. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്പാടും വീണ്ടും ആശങ്ക ഉയര്‍ത്തുന്ന ഡെല്‍റ്റ വകഭേദം കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞു. എന്നാല്‍ രോഗവ്യാപനം കുറഞ്ഞതോടെ ആളുകള്‍ ഒത്തുചേരുന്നതും വ്യാപാര വ്യവസായ സ്ഥാപനങ്ങളടക്കം തുറക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങള്‍ കൈവിട്ടത് വിദഗ്ദ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ആദ്യ തരംഗത്തില്‍ ഇന്ത്യയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടപ്പോള്‍ രോഗവ്യാപനം തടയാനായി. എന്നാല്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ പ്രാദേശിക യാത്രകള്‍ വേഗത്തില്‍ പുന:രാരംഭിക്കുകയും ഉത്സവങ്ങളും ആഘോഷങ്ങളും നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാതെ സംഘടിപ്പിക്കുകയും ചെയ്തതോടെ മാര്‍ച്ചില്‍ വിനാശകരമായ രണ്ടാമത്തെ തരംഗത്തിന് കാരണമായെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
Post Your Comments