കഠിനംകുളം: അനധികൃതമായി വാഹനം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസറുടെ വീടിന് മുൻപിൽ ടിപ്പർ ഉടമയുടെ ആത്മഹത്യാ ഭീഷണി. കഠിനംകുളം വില്ലേജ് ഓഫിസറുടെ വീടിന് മുന്നിലാണ് ടിപ്പര്‍ ഉടമയുടെ ആത്മഹത്യ ഭീഷണി. കല്ലറ കുറ്റിമൂട് സ്വദേശി ഷൈജുവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ ഭാര്യയുമായി വില്ലേജ് ഓഫിസര്‍ താമസിക്കുന്ന പുത്തന്‍തോപ്പിലുള്ള വീട്ടിലെത്തിയ ഷൈജു ബഹളംവെയ്ക്കുകയായിരുന്നു.
ദേശീയപാതയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട മണ്ണ് മറ്റൊരുസ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനിടയിൽ കഠിനംകുളം വില്ലേജ് ഓഫിസറുടെ നിര്‍ദേശപ്രകാരം ഷൈജുവിന്റെ ടിപ്പര്‍ ലോറി ജൂണ്‍ 22ന് മണ്ണുമായി പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഉണ്ടായിട്ടും ടിപ്പര്‍ വിട്ടുനല്‍കാന്‍ വില്ലേജ് ഓഫിസര്‍ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഷൈജു കോടതിയെ സമീപിച്ചു. എന്നാല്‍, കൂടുതല്‍ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ കോടതിക്ക് കത്ത് നല്‍കിയതാണ് ഷൈജുവിനെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് ഷൈജു ഇതരത്തിലൊരു സാഹസത്തിനു മുതിർന്നത്.
Post Your Comments