ന്യൂഡല്‍ഹി: പൊലീസിന്റെ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട കാലാ ജത്തേഡിയും അനുരാധയും പിടിയിലായതോടെ രാജ്യാന്തര ഗൂഢസംഘത്തിന്റെ ചുരുളുകള്‍ അഴിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. 12 സംസ്ഥാനങ്ങളിലൂടെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍നിന്ന് കാല ജാത്തേഡി എന്ന സന്ദീപും റിവോള്‍വര്‍ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗധരിയും ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.
മൂന്നുരാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ കുറ്റവാളിസംഘമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുക, ഭൂമിതട്ടിപ്പ്, കവര്‍ച്ച തുടങ്ങിയ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഈ അന്താരാഷ്ട്രസംഘം.
ആറുലക്ഷം രൂപ വിലയിട്ട കുറ്റവാളിയാണ് കാല ജാത്തേഡി. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. പണം തട്ടിയെടുക്കല്‍, കവര്‍ച്ച, കൊലപാതകങ്ങള്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ജാത്തേഡി ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹരിയാന പൊലീസിന്റെ പിടിയിലായെങ്കിലും ജാത്തേഡി പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പിടിയിലായത്.
മാഡം മിന്‍സ്, രാജസ്ഥാനിലെ റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തട്ടിക്കൊണ്ടുപോകല്‍, പണം തട്ടല്‍, ആയുധക്കടത്ത് തുടങ്ങിയ കേസുകളാണ് അനുരാധയുടെ പേരിലുള്ളത്. 2017-ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ.
ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് അനുരാധ ചൗധരിക്ക് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് കിട്ടിയത്. കാലങ്ങളായി പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്നിരുന്ന അനുരാധയും കാല ജാത്തേഡിയും ദമ്പതിമാരെന്ന വ്യാജേനെ കള്ളപ്പേരുകളിലാണ് രാജ്യത്തെ പലയിടത്തും താമസിച്ചിരുന്നത്.
പൊലീസ് പിന്തുടരുന്നതറിഞ്ഞ ഇരുവരും ഒരിടത്തും ഏറെനാള്‍ താമസിച്ചിരുന്നില്ല. നിരന്തരം പലയിടത്തേക്കും താമസം മാറ്റിയാണ് പൊലീസിനെ കബളിപ്പിച്ചത്. എന്നാല്‍ മെഗാ ഓപ്പറേഷനില്‍ രണ്ടുപേരും പിടിയിലാവുകയായിരുന്നു.
ഹരിയാന സോനെപ്പത്ത് സ്വദേശിയാണ് കാലാ ജത്തേഡി. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ ഇയാള്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 25 കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതായി പൊലീസ് പറയുന്നു. രാജസ്ഥാനിലെ 12 കുറ്റകൃത്യങ്ങളില്‍ അനുരാധയ്‌ക്കെതിരെ കേസുകളുണ്ട്. ജത്തേഡി ബന്ധം പുലര്‍ത്തുന്ന ഗുണ്ടാസംഘവുമായി ഇവര്‍ക്ക് അടുപ്പമുണ്ട്. ഇവരെല്ലാം ചേര്‍ന്ന് അന്തര്‍സംസ്ഥാന ആയുധക്കടത്തും നടത്തുന്നുണ്ടായിരുന്നു.
Post Your Comments