കൊച്ചി: മാനസ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് ലഭിച്ചിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍. ഡെന്റല്‍ ഡോക്ടറായ മാനസയെ കൊലപ്പെടുത്താന്‍ രാഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്നാണ് പോലീസിന്റെ നിഗമനം . ഇതിനായി രാഖില്‍ ബീഹാറില്‍ പോയിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. മന്ത്രി എം.വി ഗോവിന്ദന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും മന്ത്രി പറയുന്നു. രാഖിലിന്റെ സുഹൃത്തുക്കളെ കുറിച്ചെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. ബീഹാറിലേക്ക് പോലീസ് സംഘം പോകുന്നുണ്ട്.
രാഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചുവെന്ന് സൂചനകളുണ്ട്. ബീഹാറില്‍ തോക്കുകള്‍ ഉണ്ടാക്കി കൊടുക്കുന്ന ക്രിമിനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. രാഖിലിന് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 12 മുതല്‍ ഇരുപത് വരെ രാഖില്‍ സുഹൃത്തിനൊപ്പം ബീഹാറില്‍ പോയിരുന്നുവെന്നാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ശരീരത്തോട് തോക്ക് ചേര്‍ത്ത് വെച്ചാണ് രാഖില്‍ വെടിയുതിര്‍ത്തത്. പോയിന്റ് ബ്ലാങ്കിലായിരുന്നു മാനസയ്ക്ക് നേരെ വെടിവെച്ചത്. മൂന്ന് തവണ വെടിയുതിര്‍ത്തിട്ടുണ്ട്. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും രാഖിലിന് ലഭിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പരിശീലനമുണ്ടായിരുന്നില്ലെങ്കില്‍ ഈ പിസ്റ്റല്‍ കൈയില്‍ നിന്ന് തെറിച്ച് പോകേണ്ടതാണ്. അത് രാഖിലിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാണിച്ചു.
Post Your Comments