തിരുവനന്തപുരം: വില്ലേജ് ഓഫീസറുടെ വീടിന് മുന്നില്‍ ടിപ്പര്‍ ഉടമയുടെയും ഭാര്യയുടെയും ആത്മഹത്യ ഭീഷണി. 40 ദിവസം മുമ്പ് പിടികൂടിയ ലോറി വിട്ടുകിട്ടാത്തതിനാലാണ് ടിപ്പര്‍ ഉടമയും ഭാര്യയും ആത്മഹത്യ ഭീഷണി മുഴക്കിയത്. കഠിനംകുളം വില്ലേജ് ഓഫീസര്‍ മേരി സുജയുടെ വീടിന് മുന്നിലാണ് ഇരുവരും ആത്മഹത്യ ഭീഷണിയുമായെത്തിയത്.
മണ്ണ് കൊണ്ടുപോകുന്നതിനിടെയാണ് കല്ലറ കുറ്റിമൂട് സ്വദേശി ഷൈജുവിന്റെ ടിപ്പര്‍ വില്ലേജ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് പിടികൂടിയത്. ദേശീയപാതയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മണ്ണ് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ട് പോകുന്നതിനിടെയാണ് പോലീസ് ടിപ്പര്‍ കസ്റ്റഡിയിലെടുത്തത്. മതിയായ രേഖകള്‍ ഉണ്ടായിട്ടും ടിപ്പര്‍ വിട്ടുനല്‍കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ലെന്ന് ഷൈജു പറഞ്ഞു.
കോടതിയെ സമീപിച്ചപ്പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ കോടതിക്ക് കത്ത് നല്‍കിയെന്നാണ് ഷൈജു പറയുന്നത്. ലോറി കിടന്ന് നശിക്കുകയാണെന്നും ജീവിക്കാന്‍ മറ്റ് വഴികളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷൈജുവും ഭാര്യയും വില്ലേജ് ഓഫീസറുടെ വീടിന് മുന്നിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്.
Post Your Comments