ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലുണ്ടായ കലാപത്തില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംഭവത്തില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ നിയമ സഹായവും സാമ്പത്തിക സഹായവും നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് എം.എല്‍.എയായ കുല്‍ദീപ് സിംഗ് വായിദിന്റെ നേതൃത്വത്തിലുള്ള വിധാന്‍ സഭ കമ്മിറ്റിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ഡല്‍ഹി പോലീസും ഹരിയാന പോലീസും ഉപദ്രവിച്ചെന്നും ഇവര്‍ നിരപരാധികളാണെന്നും കമ്മിറ്റി വിലയിരുത്തി. ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനായി ടിക്രിയിലേയ്ക്ക് പോയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് കുല്‍ദീപ് സിംഗ് വായിദ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്കുള്ള പാല്‍ വിതരണത്തിന് പോയവരും ഭക്ഷ്യധാന്യങ്ങളുമായി പോയവരുമെല്ലാം കേസില്‍ പ്രതിയാക്കപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് എം.എല്‍.എമാരായ കുല്‍ബീര്‍ സിംഗ് സിറ, ഫതേ ജംഗ് സിംഗ് ബജ്വ, ആം ആദ്മി എം.എല്‍.എ സര്‍വ്ജിത് കൗര്‍ മനുകെ, ശിരോമണി അകാലിദള്‍ എം.എല്‍.എ ഹരീന്ദര്‍പാല്‍ സിംഗ് ചന്ദുമജ്ര എന്നിവരാണ് വിധാന്‍ സഭ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. പ്രതി ചേര്‍ക്കപ്പെട്ടവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് കമ്മിറ്റി രൂപീകരിച്ചത്.
Post Your Comments