ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ലഖിംപുര്‍ ഖേരിജില്ലയില്‍നിന്ന് കണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹമാണ് കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്. മൃഗങ്ങള്‍ പകുതി ഭക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ ശരീരം. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്റെ കാല്പ്പാദങ്ങള് പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറുക്കന്മാര് ഇത്തരത്തില്‍ ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൈഗല്‍ഗഞ്ച് പ്രദേശത്തെ വീട്ടില്‍നിന്ന് 200 മീറ്റര്‍മാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങള്‍ മിക്കതും മൃഗങ്ങള്‍ ഭക്ഷിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം പല മൃഗങ്ങള്‍ ഭക്ഷിച്ചുവെന്നാണ് സൂചന.
അതേസമയം നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ വീട്ടില്‍നിന്ന് മൂന്ന് വയസുകാരി എങ്ങനെ കുറ്റിക്കാട്ടില്‍ എത്തി എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സമീര്‍ കുമാര്‍ പറഞ്ഞു. മൃഗങ്ങൾ എത്തിച്ചതാണോ അതോ കുട്ടി ആ സ്ഥലത്തിനടുത്തേക്കു പോയതാണോ എന്നതും അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് വനം വകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു.
കുട്ടിയെ ആക്രമിച്ച മൃഗം ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആദിവാസികൾ താമസിക്കുന്ന സ്ഥലമാണ് ഇത്. വന്യമൃഗങ്ങൾ ധാരാളം ഉള്ളതിനാൽ പ്രദേശത്തെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികള്‍ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments