കാസര്‍കോട് : ആളൊഴിഞ്ഞ പറമ്പിലേക്ക് പശുവിന് പുല്ലരിയാന്‍ പോയ കര്ഷകന് 2000 രൂപ പിഴയിട്ട് പൊലീസ്. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് കാസര്‍ഗോഡ് അമ്പലത്തറ പൊലീസ് പിഴചുമത്തിയത്. കോവിഡ് ബാധിതയായ ഭാര്യയുമായി പ്രൈമറി കോണ്ടാക്ട് ഉണ്ടെന്നാരോപിച്ചാണ് പിഴചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുമെന്നും വലിയ പ്രയാസം നേരിടുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും വീട്ടുകാര്‍ പറയുന്നു.
എന്നാൽ, തന്റെ സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. മാസ്ക് ധരിച്ചാണ് താന്‍ പുറത്തിറങ്ങിയത് എന്നും നാരായണന് പറഞ്ഞു. പുല്ലരിഞ്ഞാല്‍ കൊറോണ പകരുമെന്ന് അറിയില്ലായിരുന്നു. ആളുകള്‍ തമ്മില്‍ അടുത്തിടപഴകിയാല്‍ മാത്രമാണ് കോവിഡ് പകരുകയെന്നാണ് താന്‍ കരുതിയിരുന്നത് എന്നും നാരായണന് പറഞ്ഞു.
നാരായണന്റെ ഭാര്യ ഷൈലജയ്ക്ക് കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലാണ്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അന്‍പതിനായിരം രൂപ വായ്പയെടുത്താണ് നാരായണന് പശുവിനെ വാങ്ങിയത്. പാല് വിറ്റ് കിട്ടുന്നവരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നതെന്നും നാരായണന് പറഞ്ഞു.
Post Your Comments