NattuvarthaLatest NewsKeralaNewsIndia

കഴിവുകെട്ട ആഭ്യന്തര മന്ത്രി, മലരേ മൗനമാ പാടി അമിത് ഷായുടെ പോലീസ് തുമ്മിയോ എന്ന് നോക്കുന്ന കേരളാമോഡൽ: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ പോലീസ് ഒന്നു തുമ്മിയാൽ പോലും അതിനുത്തരം നല്കേണ്ടിയിരുന്നത് ആഭ്യന്തരം കൈയ്യാളിയിരുന്ന തിരുവഞ്ചൂരും ചെന്നിത്തലയുമായിരുന്നു. പോലീസിന്റെ അക്കൗണ്ടിൽ സംഭവിക്കുന്ന ചെറിയ പിഴവിനു പോലും മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന മുറവിളി കൂട്ടിയിരുന്നു അന്തംസ് !

ഡൽഹിയിൽ ഏത് കലാപം നടന്നാലും അത് അമർച്ച ചെയ്യാനിറങ്ങുന്ന പോലീസിനേക്കാൾ വിമർശനം നേരിട്ടിരുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായും പ്രധാനമന്ത്രി മോദിയുമായിരുന്നു. ഡൽഹി കലാപം മുതൽ കർഷകസമരം വരെ അത് നമ്മൾ കണ്ടതാണ്.

ഓരോ തെരഞ്ഞെടുപ്പുകാലത്തും നിങ്ങളെന്തിനാണ് നിഷ്കളങ്കനായ എന്റെ കുഞ്ഞിനെ മഴയത്ത് നിറുത്തിയിരിക്കുന്നതെന്ന ഒരച്ഛന്റെ രോദനം തെരഞ്ഞെടുപ്പായുധമാക്കുമ്പോൾ ലക്ഷ്മണയെന്ന പോലീസിനെ വിമർശിക്കാതെ യശ: ശരീരനായ ലീഡറെ മാത്രം ഫോക്കസ് ചെയ്ത് വിമർശിച്ചാക്രമിക്കുന്നത് നമ്മൾ കാണുന്നതാണ്. ഉത്തർപ്രദേശിൽ നടക്കുന്ന സ്ത്രീ പീഡനങ്ങൾക്കെല്ലാം കാരണം യോഗിയുടെ പിടിപ്പുകേടാണെന്ന നരേഷൻസ് എത്രയോ വട്ടം നമ്മൾ കണ്ടതും കേട്ടതുമാണ്.

എന്നാൽ പിണറായി സർക്കാർ തുടർച്ചയായി ഭരണം കയ്യാളുമ്പോൾ മാത്രം പോലീസ് നടത്തുന്ന ഏതൊരു നരനായാട്ടിനും ഉത്തരം പറയേണ്ടി വരുന്നത് ആ വകുപ്പ് മാത്രമായി തീരുന്നതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ നിഷ്കളങ്കരേ നിങ്ങൾ ? ആളു മാറി പാവങ്ങളെ പോലീസ് തല്ലിക്കൊന്നാൽ പോലും ആഭ്യന്തരം കയ്യാളുന്ന മുഖ്യനെതിരെ വായ തുറക്കാൻ ഒരൊറ്റ സാംസ്കാരിക പരിഷകളും വായ തുറക്കാറില്ല !

Also Read:റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം: അനുമതി തേടി കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി സുപ്രീംകോടതിയില്‍

കഴിഞ്ഞ ആറ് കൊല്ലമായി പോലീസ് പ്രതിസ്ഥാനത്ത് വരുന്ന എത്രമാത്രം സംഭവങ്ങൾ ഇവിടെയുണ്ടായി ? ലോക്കപ്പിൽ പിടഞ്ഞുവീണ ശ്രീജിത്ത് ( അതും ആളു മാറി ടോർച്ചർ ചെയ്യപ്പെട്ട നിരപരാധി ) രാജ്കുമാർ തുടങ്ങി എത്രയോ പേർ ! പോലീസിന്റെ അനാസ്ഥ കൊണ്ട് മാത്രം ജീവൻ നഷ്ടപ്പെട്ട കെവിൻ ( ദുരഭിമാനകൊല ) തുടങ്ങി കോവളത്തു തലയറ്റ് ജഡമായി കിടന്ന വിദേശവനിത ലിഡ വരെ ! പോലീസിന്റെ ക്രൂരമർദ്ദനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വിനായകൻ ! പോലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഹീനമായ നീതിനിഷേധമായ വാളയാർ ! അതിലെ ഏറ്റവും നെറികെട്ട പരാമർശം ! അങ്ങനെയങ്ങനെ എഴുതിയാലും എഴുതിയാലും തീരാത്ത നീണ്ട ലിസ്റ്റ് ! ഏറ്റവും ഒടുവിലത്ത് രാജാവിന്റെ ഭണ്ഡാരം നിറയ്ക്കാൻ പാവങ്ങളുടെ പള്ളയ്ക്ക് താങ്ങി നടത്തുന്ന പിടിച്ചുപറിയിൽ എത്തി നില്ക്കുന്നു. ഈ കെട്ട കാലത്ത് ദാരിദ്ര്യത്തിലും രോഗത്തിലും ഉഴറുന്ന പാവങ്ങൾക്ക് ഇരുട്ടടിയാകുന്ന പോലീസ് പിടിച്ചുപ്പറി പല രീതിയിൽ കൺമുന്നിൽ നടന്നിട്ടും പ്രബുദ്ധർക്ക് മിണ്ടാട്ടമില്ല.

ആഭ്യന്തരം ഇത്രമേൽ ആഭാസമായ ഒരു ഭരണം ഇതിനു മുമ്പ് ഇവിടെ ഉണ്ടായിട്ടില്ല. ഇത്രമേൽ കഴിവുകെട്ട ഒരാഭ്യന്തര മന്ത്രിയും ! എന്നിട്ടും മലരേ മൗനമാ എന്നും പാടി പ്രതിപക്ഷപാർട്ടിയുടെ കഴിഞ്ഞ കാലഭരണത്തിലേയ്ക്ക് നോക്കി , അമിത് ഷായുടെ പോലീസ് തുമ്മിയോ എന്നും നോക്കി , യോഗിയുടെ പോലീസിനെ മര്യാദ പഠിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രബുദ്ധതയാണ് നമ്പർ 1 കേരളാമോഡൽ പ്രബുദ്ധത !

shortlink

Related Articles

Post Your Comments

Related Articles


Back to top button