ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം 250ഓളം ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നിരവധി ലോഞ്ച് പാഡുകള്‍ അതിര്‍ത്തിയ്ക്ക് സമീപം സജ്ജമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
ഭീകരരുടെ 14 ലോഞ്ച് പാഡുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. തങ്ധര്‍, നൗഗാം, ഉറി, പൂഞ്ച്, പല്ലന്‍വാല പ്രദേശങ്ങളില്‍ ഒരോ ലോഞ്ച് പാഡ് വീതം കണ്ടെത്തിയിട്ടുണ്ട്. മച്ചല്‍, കൃഷ്ണ ഘാട്ടി, നൗഷേര പ്രദേശങ്ങളില്‍ രണ്ട് ലോഞ്ച് പാഡുകള്‍ വീതവും ഭീംബര്‍ ഗാലിയില്‍ മൂന്ന് ലോഞ്ച് പാഡുകളും കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയ്ക്ക് പുറമെ ഭീകര സംഘടനയായ അല്‍ ബദറിനെ പാകിസ്താന്‍ ശക്തിപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികമാണെന്നിരിക്കെ കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരര്‍ കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments