ചിറയിൻകീഴ് : ശാർക്കര ജംഗ്ഷനിലുള്ള ഇന്ത്യ വൺ എടിഎം പട്ടാപകൽ കുത്തി തുറന്നു മോഷണം നടത്താൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട്, കമലേശ്വരം, സന്തോഷ് നിവാസിൽ വിനീഷ് (28), മുട്ടത്തറ, പുതുവൽ പുത്തൻവീട്ടിൽ പ്രമോദ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ശാർക്കര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എടിഎമ്മിൽ പണം നിറക്കാനായി സർവീസ് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന രമേശ് എത്തിയപ്പോൾ എടിഎമ്മിന്റെ ഷട്ടർ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയിൽ പെടുകയും അകത്തു എന്തോ ശബ്ദം കേൾക്കുകയും ഉടൻ ഈ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി ഷട്ടർ ഉയർത്തിനോക്കിയപ്പോൾ രണ്ടു പേർ വെട്ടുകത്തിയും കട്ടിങ് മെഷീനും ഉപയോഗിച്ചു എടിഎം തകർക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്.
പ്രതികൾ മദ്യപിച്ച നിലയിലും ആയിരുന്നതിനെ തുടർന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് വിരൽ അടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഫ്രാഞ്ചിസി കൃഷ്ണ ഏജൻസി ഉടമ ബൈജു അറിയിച്ചു.
Post Your Comments