
കോഴിക്കോട്: കല്ലായി റെയിൽ പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് പിടിയിൽ. കല്ലായി സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. അലക്ഷ്യമായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനാണ് പോലീസ് നടപടി.
വെള്ളിയാഴ്ച രാവിലെപാളം പരിശോധിക്കാനെത്തിയ ജീവനക്കാരാണ് റെയിൽവേ പാളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തീവണ്ടി അട്ടിമറിക്കാനുള്ള പദ്ധതിയാണ് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അസീസിന്റെ വീട്ടിലെ വിവാഹ ആഘോഷങ്ങൾക്കായി വാങ്ങിച്ച പടക്കമാണ് അലക്ഷ്യമായി ഉപേക്ഷിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് പരിശോധനയിൽ അസീസിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചതായി വ്യക്തമാകുകയും വീട്ടിൽ നിന്നും പടക്കത്തിന്റെ ബാക്കി പോലീസ് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് അസീസിനും കുടുംബത്തിനുമെതിരെ കേസ് എടുത്ത പോലീസ് അബ്ദുൾ അസീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments