ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എം.എല്‍.എ കൂടി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സുശാന്ദ ബൊര്‍ഗോഹൈന്‍ എന്ന ശക്തനായ നേതാവാണ് രാജിവെച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ അന്തരീക്ഷം വളരെ മോശമാണെന്നും ഇക്കാരണത്താലാണ് രാജി വെയ്ക്കുന്നതെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപെന്‍ ബോറയ്ക്ക് കൈമാറിയ രാജിക്കത്തില്‍ സുശാന്ദ വ്യക്തമാക്കി. അസമില്‍ കോണ്‍ഗ്രസിനെ കരകയറ്റാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതെല്ലാം വെറുതെയായെന്നും അദ്ദേഹം പറഞ്ഞു. തൗറ മണ്ഡലത്തില്‍ രണ്ട് തവണ എം.എല്‍.എയായിരുന്ന സുശാന്ദ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.
സംസ്ഥാനത്ത് ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുന്ന രണ്ടാമത്തെ എം.എല്‍.എയാണ് സുശാന്ദ ബൊര്‍ഗോഹൈന്‍. കഴിഞ്ഞ മാസം നാല് തവണ എം.എല്‍.എ ആയിരുന്ന രുപ്‌ജ്യോതി കുര്‍മി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments