തിരുവനന്തപുരം: കുണ്ടറ സ്ത്രീ പീഡന കേസിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രി എകെ ശശീന്ദ്രനുമെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്നാരോപിച്ചാണ് ലോകായുക്തയില്‍ പരാതി നൽകിയിട്ടുള്ളത്. മന്ത്രി എകെ ശശീന്ദ്രനേയും മുഖ്യമന്ത്രി പിണറായി വിജയനെയും പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി, മന്ത്രി എകെ ശശീന്ദ്രന്‍, എന്നിവർക്കൊപ്പം ചീഫ് സെക്രട്ടറിയും ഗുരുതര കൃത്യവിലോപം കാണിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് കാണിച്ച് വിവരാവകാശ പ്രവര്‍ത്തകനായ നവാസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മന്ത്രി ഉൾപ്പെടെയുള്ളവർ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും സ്വജനപക്ഷപാതം കാണിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കുണ്ടറയില്‍ എന്‍സിപി നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചതോടെയാണ് മന്ത്രി ശശീന്ദ്രന്‍ വിവാദത്തില്‍ പെട്ടത്. ഇതിനായി എകെ ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി. എന്നാൽ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ശശീന്ദ്രന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും നിലവിൽ രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം.
Post Your Comments