ഗാന്ധിനഗർ: മരുമകളെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ഭർതൃമാതാവിന് പിഴ ചുമത്തി കോടതി. 10,000 രൂപയാണ് ഭർതൃമാതാവിന് കോടതി പിഴയായി ചുമത്തിയത്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് നടപടി. ഇത്തരം നീക്കങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ഹർജി തള്ളിയ ശേഷം ഹൈക്കോടതി അഭിഭാഷകർക്ക് നിർദ്ദേശം നൽകി. റസീലാബെൻ എന്ന സ്ത്രീയാണ് മരുമകളെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. 15 ദിവസത്തിനകം 10,000 രൂപ പിഴ അടയ്ക്കണമെന്ന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
തെറ്റായ വിവരങ്ങൾ നൽകിയാണ് തന്റെ മരുമകൾ ചേതന സർക്കാർ ജോലി നേടിയതെന്ന് ഇവർ ഹർജിയിൽ വ്യക്തമാക്കുന്നു. അവിവാഹിതയാണെന്ന് അവകാശപ്പെട്ടാണ് ചേതന ഗുജറാത്ത് പബ്ലിക് സർവീസ് കമ്മീഷൻവഴി ജോലി നേടിയതെന്നും എന്നാൽ 2016 മുതൽ യുവതിയുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും ഭർതൃമാതാവ് ഹർജിയിൽ പറയുന്നു. യഥാർഥ വിവരങ്ങൾ മറച്ചുവച്ച് ജോലി നേടിയത് നിയമ ലംഘനമാണെന്നും അതിനാൽ ജോലിയിൽ നിന്ന് മരുമകളെ പിരിച്ചുവിടണമെന്നുമാണ് ഹർജിയിലെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജിയിലെ ആവശ്യം അസാധാരണവും വിചിത്രവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങൾ അഭിഭാഷകർ പ്രോത്സാഹിപ്പിക്കുന്നത് ദുഃഖകരമാണെന്നും ഇവ കോടതിയുടെ സമയം കളയുകയാണെന്നും കോടതി വിമർശിച്ചു.
Post Your Comments