ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. പ്രതിപക്ഷ നേതാക്കള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
‘പാര്‍ലമെന്റില്‍ ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണ്. ഞങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടോ ഇല്ലയോ? സ്വന്തം രാജ്യത്തെ പൗരന്‍മാര്‍ക്കെതിരെ പെഗാസസ് ഉപയോഗിച്ചുണ്ടോ? ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ജനാധിപത്യത്തിനെതിരെ എന്തിനാണ് ഉപയോഗിക്കുന്നത്’ – രാഹുല്‍ ചോദിച്ചു.
പെഗാസസ് ഉപയോഗിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം സ്വകാര്യതയുടെ വിഷയത്തേക്കാള്‍ ഉപരിയായി രാജ്യ വിരുദ്ധതയാണെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തന്റേതുള്‍പ്പെടെ നിരവധി നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയുമെല്ലാം ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Post Your Comments