റിയാദ്: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് കര്‍ശന നടപടികളുമായി സൗദി അറേബ്യ. യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോവുന്ന പൗരര്‍ക്ക് മൂന്ന് വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്താനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് സൗദിയിലെ ന്യൂസ് ഏജന്‍സിയായ എസ്പിഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘കുറ്റം തെളിയിക്കപ്പെടുന്ന ഏതൊരാളും നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരികയും തിരിച്ചു വരവില്‍ കനത്ത പിഴ നല്‍കേണ്ടിയും വരും. ഒപ്പം മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തും’ – ആഭ്യന്തര മന്ത്രാലയ വൃത്തം എസ്പിഎ ന്യൂസിനോട് പറഞ്ഞു.
നിലവില്‍ ഇന്ത്യ, ഇന്തോനേഷ്യ, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ലെബനന്, പാകിസ്താന്, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരര്‍ക്ക് അനുമതിയില്ല. ആഗോള തലത്തില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Post Your Comments