ബെംഗളൂരു: നാലുതവണ സംസ്ഥാന മുഖ്യമന്ത്രിപദത്തിലെത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അഞ്ചുവര്‍ഷം കാലാവധി തികയ്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത് 2007 നവംബര്‍ 12-നാണ്. എന്നാല്‍ ഏഴുദിവസത്തിനു ശേഷം രാജിവെച്ചു. അതോടെ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലേക്കു പോയി. 2008 മേയ് 30-ന് യെദ്യൂരപ്പ രണ്ടാംവട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണകാലയളവ് നീണ്ടുനിന്നത് 2011 ജൂലായ് 31 വരെ.
മൂന്നാംതവണ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത് 2018 മേയ് 17-നായിരുന്നു. എന്നാല്‍ ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് മേയ് 19-ന് രാജി. പിന്നാലെ കോൺഗ്രസ് ജെഡിഎസ് എം.എല്‍.എമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതോടെ ജെ.ഡി.എസ്. കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തി 2019 ജൂലൈ 26ന് വീണ്ടും മുഖ്യമന്ത്രിയായി. രണ്ടുവര്‍ഷത്തിനു ശേഷം 2021 ജൂലൈ 26-ന് അഗ്നിപരീക്ഷകള്‍ താണ്ടിയ ഭരണകാലത്തിനു പിന്നാലെ രാജി സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം ബിജെപിയുമായി യാതൊരു അസ്വാരസ്യവും യദിയൂരപ്പയ്ക്കില്ല. 75-വയസ്സ് എന്ന പ്രായപരിധിയില്‍നിന്ന് പാര്‍ട്ടി മനഃപൂര്‍വം മാറ്റിനിര്‍ത്തിയ പേരാണ് യെദ്യൂരപ്പയുടേത്. യെദ്യൂരപ്പയ്ക്ക് സമാനമായി കര്‍ണാടകയില്‍ കരുത്തനായ മറ്റൊരു നേതാവ് ബി.ജെ.പിക്ക് ഇല്ലായിരുന്നു. അതുകൊണ്ടാണ് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് പോലും കല്‍പിച്ച പ്രായപരിധി യെദ്യൂരപ്പയ്ക്ക് ബാധകമാകാതെ പോയത്. നാലാം വട്ടം മുഖ്യമന്ത്രിയായപ്പോള്‍ യെദ്യൂരപ്പയ്ക്ക് പ്രായം 75.
രാജിവെച്ചൊഴിയുമ്പോള്‍ വയസ്സ് 78. രാജ്യത്ത് 75 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരുന്ന ഏക ബി.ജെ.പി. മുഖ്യമന്ത്രിയും യെദ്യൂരപ്പ ആയിരുന്നു. അതേസമയം എട്ടു പേരുകളാണ് യദിയൂരപ്പയുടെ പിന്ഗാമികളുടെ സ്ഥാനത്തു പറഞ്ഞുകേള്‍ക്കുന്നത്. ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള പ്രതിനിധിക്കാണ് സാധ്യത കൂടുതല്‍.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സി.ടി രവി, മുന്‍കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ധര്‍വാട് എം.എല്‍.എ. അരവിന്ദ് ബെല്ലാഡ്, വിജയപുര എം.എല്‍.എ. ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, മൈന്‍-ജിയോളജി മന്ത്രി മുരുഗേഷ് ആര്‍. നിരാനി, ബസവരാജ് ബൊമ്മൈ എന്നിവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിലവിലെ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയെ തന്റെ പിന്‍ഗാമിയായി യെദ്യൂരപ്പ നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രാഹ്മണ സമുദായാംഗമാണ് പ്രഹ്ലാദ് ജോഷി. സി.ടി രവി വൊക്കലിംഗ സമുദായാംഗവും.
Post Your Comments