കൊച്ചി: കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്‌ട്രീയക്കാരും മന്ത്രിമാരും മാത്രമാണെന്നും, ഇങ്ങനെപോയാൽ കേരളം ഒരിക്കലും നന്നാവില്ലെന്നും ആരോപണവുമായി കിറ്റെക്സ് എംഡി സാബു ജേക്കബ്. 3500 കോടിയുടെ നിക്ഷേപത്തിൽ നിന്നുള്ള കിറ്റെക്സിന്റെ പിന്മാറ്റം കേരളത്തിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് വിമർശനങ്ങൾക്ക് മറുപടിയായി പ്രതിച്ഛായ ഉണ്ടെങ്കിലല്ലേ മങ്ങലേൽക്കൂ എന്നും കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വ്യവസായ സൗഹൃദമെന്ന സംഗതി കേരളത്തിലില്ലെന്നും വ്യവസായ സൗഹൃദത്തിൽ 28-ാം റാങ്കുള്ള കേരളത്തിന് പിന്നിലുള്ളത് ത്രിപുര മാത്രമാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് എന്തൊരു നാണക്കേടാണെന്നും അദ്ദേഹം ചോദിക്കുന്നു. രാഷ്‌ട്രീയലാഭം മാത്രമാണ് ഇവിടെ എല്ലാവർക്കുമുള്ളതെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് കേരളം സ്വർഗമെന്നും അദ്ദേഹം അരോപിച്ചു. കേരളത്തിൽ 3,500 കോടി നിക്ഷേപിക്കും എന്ന് കഴിഞ്ഞവർഷം പറഞ്ഞപ്പോൾ ഓഹരികൾ അനങ്ങിയില്ല. കേരളത്തിൽ നിന്ന് പിന്മാറുന്നു എന്ന് പറഞ്ഞപ്പോഴാണ് ഓഹരികൾ മുന്നേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കേരളത്തിലാണ് എന്റെ ഫാക്‌ടറി, പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നു എന്ന് ഞാൻ പറയുമ്പോൾ മറ്റ് നാട്ടുകാർ അന്തംവിടുകയാണ്. ഞങ്ങൾ മാലിന്യം ഉണ്ടാക്കുകയാണെന്ന് പി.ടി. തോമസ് പറഞ്ഞു. യഥാർത്ഥത്തിൽ ആരാണ് മാലിന്യം ഉണ്ടാക്കുന്നതെന്ന റിപ്പോർട്ട് ഞങ്ങൾ ഉടൻ പുറത്തുവിടുന്നുണ്ട്. തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ നിക്ഷേപിക്കുമ്പോൾ കുറഞ്ഞത് 10 വർഷത്തിനകം നമുക്ക് നിക്ഷേപം അവർ പൂർണമായി ഇൻസെന്റീവുകളിലൂടെ തിരിച്ചുതരും. ഇവിടെ സർക്കാർ ഉപദ്രവമല്ലാതെ ഒന്നും തിരിച്ചു തരുന്നില്ല’. സാബു ജേക്കബ് വിശദമാക്കി.
Post Your Comments