പുരുഷന്റെ ആരോഗ്യത്തില്‍ നിന്നും, ആരോഗ്യപരിപാലനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടേത്. അതിനാല്‍ തന്നെ അവള്‍ക്ക് ആവശ്യമായി വരുന്ന പോഷകങ്ങളുടെ അളവും അതുപോലെ തന്നെ ഉയര്‍ന്നുനില്‍ക്കുന്നു. എന്നാല്‍, മിക്കപ്പോഴും തങ്ങളുടെ ഉത്തരവാദിത്തങ്ങളും ജോലികളുമെല്ലാം ചെയ്തുതീര്‍ക്കുന്നിതിനിടെ ശരീരത്തെ വേണ്ടവിധം പരിപാലിക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യമുണ്ട്.
ഇത് പല തരത്തിലുള്ള കുറവുകളിലേക്കും സ്ത്രീയെ നയിക്കുന്നു. വജൈനല്‍ അണുബാധ മുതല്‍ വിവിധ തരം ക്യാന്‍സര്‍ വരെയുള്ള അസുഖങ്ങളിലേക്ക് മിക്കപ്പോഴും സ്ത്രീകളെ എത്തിക്കുന്നത് ഭക്ഷണകാര്യങ്ങളില്‍ കാലാകാലമായി വരുത്തുന്ന അശ്രദ്ധകള്‍ മൂലമാണെന്ന് ആരോഗ്യ വിദഗ്ധരും പഠനങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ഡയറ്റുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങളെങ്കിലും സ്ത്രീകള്‍ മനസിലാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം സ്ത്രീകള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
മിക്ക വീടുകളിലും എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് തൈര്. സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഒരു സാധനവും ഇതുതന്നെയാണ്. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യമാണ് പ്രധാനമായും സ്ത്രീകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ കാത്സ്യം വേണ്ടത് സ്ത്രീകള്‍ക്കാണ്. ഇതില്‍ കുറവ് സംഭവിക്കുമ്പോഴാണ് എല്ല് സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത്.
മുട്ടയാണ് സ്ത്രീകള്‍ പതിവായി കഴിക്കേണ്ട മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-12, ‘ഫോളേറ്റ്’ എന്നിവ സ്ത്രീകളുടെ ആരോഗ്യത്തിന് അടിസ്ഥാനപരമായി വേണ്ടുന്ന ഘടകങ്ങളാണ്. സ്ത്രീകളുടെ പൊതു ആരോഗ്യപ്രശ്നമായ വിളര്‍ച്ച (അനീമിയ) പരിഹരിക്കാന്‍ വിറ്റാമിന്‍ ബി-12നാകും.
സ്ത്രീകള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊരു ഭക്ഷണം ചീരയാണ്. അയേണ്‍, ‘ഫോളേറ്റ്’, വിറ്റാമിന്‍-എ, വിറ്റാമിന്‍-കെ എന്നിവയുടെ സ്രോതസാണ് ചീര. ഇവ വിളര്‍ച്ച തടയാനും ആര്‍ത്തവ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഗര്‍ഭാവസ്ഥയിലും മൂലയൂട്ടുന്ന ഘട്ടത്തിലും നേരിട്ടേക്കാവുന്ന അനുബന്ധ വിഷമതകള്‍ പരിഹരിക്കാനുമെല്ലാം സഹായകമാണ്. മാത്രമല്ല മലാശയ അര്‍ബുദം, ശ്വാസകോശാര്‍ബദും എന്നിവയെ തടയാന്‍ ചീരയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-എയും ഫൈബറുകളും സഹായകമാണത്രേ. ചീരയിലുള്ള ‘ആന്റി ഓക്സിഡന്റുകള്‍’ ചര്‍മ്മാരോഗ്യത്തെ കാത്തുസൂക്ഷിക്കാനും സഹായിക്കുന്നു.
മിക്ക സ്ത്രീകളും കഴിക്കാനിഷ്ടപ്പെടുന്ന ഒരു പഴമാണ് പേരക്ക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ഭക്ഷണത്തില്‍ നിന്ന് വേണ്ടുവോളം അയേണ്‍ പിടിച്ചെടുക്കുന്നതിന് സഹായിക്കുന്നു. ഇത് മുഖേന വിളര്‍ച്ചയുണ്ടാകുന്നത് തടയുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനുമെല്ലാം പേരക്ക ഉത്തമം തന്നെ.
Post Your Comments