കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച മറിയക്കുട്ടി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീയാണെന്ന നിഗമനത്തില്‍ സിബിഐ. ഡി.എന്‍.എ പരിശോധനയുടെ ഫലം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഡി.എന്‍.എ പരിശോധനയിലെടുത്ത സാമ്പിളുകളില്‍ കൊലയാളിയായ സ്ത്രീയുടെതുമുണ്ടെന്നാണ് സിബിഐയുടെ നിഗമനം. അതു കൊണ്ടുതന്നെ ചിലര്‍ സിബിഐ നിരീക്ഷണത്തിലുമാണ്. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അറസ്റ്റുണ്ടാവുകയുള്ളുവെന്നാണ് സൂചന. എന്നാല്‍ മറിയക്കുട്ടിയെ കൊല്ലാന്‍ ഈ പെണ്‍കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ചിലര്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സിബിഐ അന്വേഷണത്തില്‍ സൂചന ലഭിച്ചത്. മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു കഴിഞ്ഞാല്‍ മാത്രമേ ഇവരെ കുറിച്ച് സൂചന ലഭിക്കുകയുള്ളൂ.
തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു മറിയക്കുട്ടി കൊലക്കേസ്. അതുകൊണ്ടുതന്നെ കൊലയാളിയെ കണ്ടെത്താന്‍ സിബിഐയ്ക്ക് എളുപ്പമല്ലായിരുന്നു. കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താന്‍ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരിക്കുകയാണിപ്പോള്‍. ഒരു മാസം മുന്‍പാണ് പ്രദേശത്തെ ചില സ്ത്രീകള്‍ക്ക് നോട്ടീസ് നല്‍കി രക്തസാമ്പിള്‍ ശേഖരണം നടത്തിയത്.
അന്നത്തെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി സുബൈര്‍ കൊലപാതകത്തിന് പിന്നിലെ സ്ത്രീസാന്നിധ്യം കണ്ടെത്താനായി വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നതുമാണ്. പ്രതിയെന്ന് സംശയിച്ച ആളെ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കുമിടയില്‍ കണ്ടെത്തിയ ഫോണില്‍നിന്നും സിം കാര്‍ഡ് മാറ്റിയിട്ട് ഒരു സ്ത്രീയെ മാത്രം വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഈ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവന്നത്.
ഇതേ ഫോണില്‍നിന്നും സംഭവ ദിവസം രാവിലെ ആറോടെ 1500 സെക്കന്റോളം സമയം പതിവില്ലാത്തവിധം മറ്റൊരാളെ വിളിച്ച് സംസാരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് സ്ത്രീകളുടെ സമ്മതപത്രം വാങ്ങി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ ശേഖരിച്ചത്.
സംഭവത്തിന്റെ കാലപ്പഴക്കവും തെളിവുകളുടെ അഭാവവും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഡിഎന്‍എ പരിശോധനാഫലം വരാനുള്ള കാത്തിരിപ്പിനിടയില്‍ സാധ്യമായ മറ്റന്വേഷണങ്ങളും തുടരുന്നുണ്ട്.
2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് ചെറുപുഴ കാക്കേഞ്ചാല്‍ പടത്തടത്തെ കൂട്ടമാക്കൂല്‍ ദേവസ്യ എന്ന കൊച്ചേട്ടന്റെ ഭാര്യ മറിയക്കുട്ടിയെ(72) ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ ദേഹത്തു നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെങ്കിലും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണ് ബോധപൂര്‍വ്വം ഇതു ചെയ്തതെന്നാണ് നിഗമനം.
Post Your Comments