ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന് അജ്ഞാത ഫോണ്‍കോള്‍. ബെംഗളൂരു വിമാനത്താവളം തകർക്കാൻ അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍-ഖ്വയ്ദ പദ്ധതിയിടുന്നുവെന്നാണ് ലഭിച്ച ഫോൺകോൾ. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ (എഒസിസി) എന്‍ഗേജ്‌മെന്റ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവാവിനാണ് കോൾ വന്നത്.
എഒസിസി കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എല്‍.ജി. വെങ്കിടേഷിന് ജൂലൈ 23 ന് ലഭിച്ച ഫോൺകോൾ പ്രകാരം വിമാനത്താവളത്തിനകത്തുള്ള എല്ലാ ഫോണ്‍ നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭീകരപ്രവർത്തകർക്ക് ലഭിച്ചുകഴിഞ്ഞുവെന്നാണ് പറയുന്നത്. ഉടന്‍ ആക്രമണം നടത്താന്‍ അല്‍-ഖ്വയ്ദ പദ്ധതിയിടുന്നുണ്ടെന്നുമാണ് കോള്‍. വെങ്കിടേഷിനു ലഭിച്ച ഫോൺകോൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ഉദ്യോഗസ്ഥർ.
യുവാവിന്റെ കോള്‍ പരിശോധിക്കുമെന്ന് സിറ്റി പോലീസ് മേധാവി കമല്‍ പന്ത് അറിയിച്ചു. സംഭവത്തില്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശത്തിൽ പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്താൻ സാങ്കേതിക വിദഗ്ധരെയും നിയോഗിച്ചു. മുന്നറിയിപ്പ് വ്യാജമാകാമെന്ന കണക്കുകൂട്ടലിലാണ് ഉദ്യോഗസ്ഥർ. യുവാവിന് കോൾ വന്നത് തെലങ്കാനയിൽ നിന്നാണെന്നും ഇതുസംബന്ധിച്ച വിശദവിവരങ്ങൾ തുടർ ശേഖരിക്കുമെന്നും പന്ത് അറിയിച്ചു.
Post Your Comments