കാക്കനാട്: തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. സംഭവം
തൃക്കാക്കര നഗരസഭ പരിധിയിൽ. പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ് നടക്കുന്ന തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലാണു രാത്രിയിൽ നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നതെന്നു കണ്ടെത്തി. ഇതോടെ ഈ കേന്ദ്രത്തിലെ വാക്സിനേഷൻ ക്യാംപ് നിർത്തി. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം തുടങ്ങി.
ഒടുവിൽ കൊന്നു കൂട്ടത്തോടെ കുഴിച്ചു മൂടിയ മുപ്പതോളം തെരുവുനായ്ക്കളുടെ ജീർണിച്ച ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. തൃക്കാക്കര നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം വളപ്പിലെ കുഴിയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. വേറെയും കുഴികൾ കണ്ടെത്തിയെങ്കിലും ജഡങ്ങൾ ജീർണിച്ച നിലയിലായതിനാലും തിരച്ചിൽ ഏറെക്കുറെ അസാധ്യമായതിനാലും വേണ്ടെന്നുവച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം സംബന്ധിച്ചു പ്രാഥമിക സൂചനകളൊന്നും ലഭിച്ചില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ നായ്ക്കളെ എങ്ങനെയാണു കൊന്നതെന്നു വ്യക്തമാകു.
Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി
കുരുക്കിട്ടു പിടിക്കുന്ന നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള വിഷലായനിയാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിനുള്ള സാമഗ്രികൾ പൊലീസും എസ്പിസിഎ അധികൃതരും കണ്ടെടുത്തിട്ടുണ്ട്. അതേസമയം കമ്യൂണിറ്റി ഹാളിലെ വാക്സിനേഷൻ നിർത്തി വയ്ക്കാൻ ജില്ലാ വാക്സിനേഷൻ ഓഫിസർ ഡോ. ശിവദാസാണ് ഉത്തരവിട്ടത്. റിപ്പോർട്ട് നൽകാൻ നഗരസഭ മെഡിക്കൽ ഓഫിസർ ഡോ. ധന്യയെ ചുമതലപ്പെടുത്തി. വിവാദ സംഭവം അന്വേഷിക്കുന്നതിനിടെയാണു വാക്സിനേഷൻ കേന്ദ്രത്തിൽ രാത്രി നായ് പിടിത്തക്കാർ വിഷ പദാർഥങ്ങൾ കൂട്ടിക്കലർത്തുന്നതു കണ്ടെത്തിയത്. കമ്യൂണിറ്റി ഹാളിൽ താമസിക്കാൻ സൗകര്യം തന്നതു നഗരസഭയാണെന്നു നായ് പിടിത്തക്കാർ എസ്പിസിഎ അധികൃതരോടു പറഞ്ഞു. നായ്‌പിടിത്തത്തിനു തങ്ങൾക്കു മുൻകൂർ പണം തന്നതു നഗരസഭ ഉദ്യോഗസ്ഥനാണെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
Post Your Comments