കൊച്ചി: ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ കൂട്ടത്തല്ലിനു പിന്നിലെ യഥാർത്ഥ കാരണക്കാരൻ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ ആണെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്. ഐ.എന്‍.എല്ലിനെ നശിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നതായി എ.പി. അബ്ദുള്‍ വഹാബ് ആരോപിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെ സംഭവിച്ച കൂട്ടത്തല്ലിനു പിന്നാലെ പരസ്യപ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു അദ്ദേഹം.
അവാസ്തവമായ കാര്യങ്ങളാണ് കാസിം ഇരിക്കൂര്‍ യോഗത്തില്‍ പറഞ്ഞത്. പ്രവർത്തകരെ അപമാനയ്ക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും അബ്ദുൾ വഹാബ് ആരോപിച്ചു. നല്ല നിലയില്‍ തുടങ്ങിയ യോഗത്തില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. രണ്ട് വിഭാഗം പ്രവർത്തകർ വാക്കേറ്റം നടത്തുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് ലോക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണം. എ പി അബ്ദുല്‍ വഹാബിന് മേല്‍ക്കോയ്മയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കാതെ പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കാനായിരുന്നു കാസിം ഇരിക്കൂറിന്റെ ശ്രമം. ഇത് വഹാബ് ചോദ്യം ചെയ്തതോടെയാണ് സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതിയും വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഐ എന്‍ എല്‍ നേതാക്കളെ എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തി സി.പി.എം നേതൃത്വം നിലപാട് അറിയിച്ചതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് നടന്നത്.
Post Your Comments