ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യ ദിനത്തിൽ പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: സ്വര്‍ണക്കടത്ത് കേസ്, തടസ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍
‘ഇത്തവണ ഓഗസ്റ്റ് 15-ന് ദേശീയ ഗാനവുമായി കൂടിച്ചേരാനുള്ള ഉദ്യമമാണ്. പരമാവധി ഇന്ത്യക്കാരെ ഒരുമിപ്പിച്ച് ദേശീയഗാനം ചൊല്ലിക്കാനുള്ള ശ്രമം സാംസ്‌കാരിക മന്ത്രാലയം നടത്തുന്നുണ്ട്. ഈ പുതിയ പരിപാടിയിൽ നിങ്ങൾ എല്ലാവരും പങ്കാളികളാകുമെന്ന് കരുതുന്നുവെന്ന്’ പ്രധാനമന്ത്രി പറഞ്ഞു.
ദേശീയഗാനം ആലപിച്ച ശേഷം അപ്ലോഡ് ചെയ്യുന്നതിന് രാഷ്ട്രഗാൻ.ഇൻ എന്നൊരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കാർഗിൽ വിജയ് ദിവസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നാളത്തെ കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് അഭിമാനമുണ്ടാക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കാർഗിൽ യുദ്ധത്തെക്കുറിച്ച് വായിക്കാനും ധീരയോദ്ധാക്കളെ ഓർമ്മിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments