ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസില്‍ ഇഡിയ്ക്ക് എതിരെ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് കേരളം സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ ഉത്തരവില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം തടസ ഹര്‍ജി നല്‍കിയത്. സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ അപ്പീല്‍ ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്തുകേസില്‍ മൊഴിനല്‍കാന്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ടുകേസുകളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കിയെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments